നീണ്ട ഇടവേളയ്ക്ക് ശേഷം നടൻ പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് ‘കടുവ’. ജൂലൈ ഏഴിന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രം റിലീസ് ചെയ്ത് ദിവസങ്ങൾ കഴിയുമ്പോൾ കടുവയുടെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുകയാണ്. ആദ്യനാല് ദിവസം കൊണ്ട് കടുവ നേടിയെടുത്തത് 25 കോടിയോളം രൂപയാണ്. ഇതോടെ പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് കടുവ.
സിനിമ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നൽകിയ അഭിമുഖങ്ങളിൽ പൃഥ്വിരാജിന്റെ ഏറ്റവും വലിയ വിജയചിത്രമായിരിക്കും കടുവയെന്ന് പറഞ്ഞിരുന്നു. പൃഥ്വിരാജിന്റെ അടുപ്പിച്ചുള്ള നാലാമത്തെ വിജയചിത്രം കൂടിയാണിത്. ഡ്രൈവിങ്ങ് ലൈസൻസ്, അയ്യപ്പനും കോശിയും, ജനഗണമന എന്നിവയാണ് ഇതിനുമുമ്പ് സൂപ്പർ ഹിറ്റ് ആയ പൃഥ്വിരാജ് ചിത്രങ്ങൾ. ഇതിനിടയ്ക്ക് റിലീസ് ചെയ്ത ഭ്രമം, കുരുതി, കോൾഡ് കേസ് എന്നിവ ഒടിടി റിലീസ് ആയിരുന്നു.
കടുവ റിലീസ് ചെയ്തത് മലയാളം ഉൾപ്പെടെ അഞ്ചു ഭാഷകളിൽ ആയിരുന്നു. വിവേക് ഒബ്റോയി വില്ലനായി എത്തിയ ചിത്രത്തിൽ സംയുക്ത മേനോന് ആണ് നായിക. സായ് കുമാര്‍, സിദ്ദിഖ്, ജനാര്ദ്ദനന്, വിജയരാഘവന്, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്, സീമ, പ്രിയങ്ക എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയയും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമിച്ചത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ജിനു എബ്രഹാം ആയിരുന്നു. ആദം ജോൺ എന്ന ചിത്രത്തിന്റെ സംവിധായകനും ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമാണ് ജിനു എബ്രഹാം.