പല തരത്തിലുള്ള സിനിമാപ്രമോഷനുകളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, പൃഥ്വിരാജ് നായകനായി എത്തുന്ന ‘കടുവ’ എന്ന സിനിമയുടെ പ്രമോഷൻ അൽപം വ്യത്യസ്തമാണ്. അൽപം ‘കുട്ടിത്തം’ നിറഞ്ഞതാണെന്ന് പറഞ്ഞാലും അതിശയോക്തിയില്ല. കാരണം, ‘കുട്ടി കടുവ’കൾക്കു വേണ്ടി നെയിം സ്ലിപ്പുമായാണ് കടുവയുടെ അണിയറപ്രവർത്തകർ എത്തിയിരിക്കുന്നത്. ‘എല്ലാ കുട്ടി കടുവകൾക്കും വേണ്ടി’ എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വിരാജ് നെയിം സ്ലിപ്പ് പങ്കുവെച്ചത്. ഏതായാലും ഈ പ്രമോഷൻ കുറച്ച് നൊസ്റ്റാൾജിക് ആണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ആരാധകർ. ഇതിനിടയിൽ, നെയിം സ്ലിപ്പ് ഒക്കെ ഇപ്പോഴും ഉണ്ടോ എന്ന് അന്വേഷിക്കുന്നരും ഉണ്ട്.
പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം ‘കടുവ’ ജൂൺ 30ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രം റിലീസ് ചെയ്യുന്നതിനു മുന്നോടിയായി വമ്പൻ പ്രമോഷനാണ് ചിത്രത്തിനു വേണ്ടി അണിയറപ്രവർത്തകർ ഒരുക്കുന്നത്. ജൂൺ 24ന് ബംഗളൂരുവിലാണ് ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ. തുടർന്ന് ജൂൺ 25ന് ഹൈദരാബാദിലും ജൂൺ 27ന് ചെന്നൈയിലും പ്രമോഷനുമായി അണിയറപ്രവർത്തകർ എത്തും. ജൂൺ 28നാണ് കൊച്ചിയിൽ പ്രമോഷൻ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ നാല് പ്രമുഖ നഗരങ്ങളിലായി നാല് വമ്പൻ പരിപാടികളാണ് ചിത്രത്തിന്റെ പ്രമോഷനായി അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.
ഇതിനിടെ, ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘കടുവ’യ്ക്ക് എതിരെ പരാതി. ‘കടുവ’യുടെ കഥ മോഷണമാണെന്ന് ആരോപിച്ചുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയുമായി ബന്ധപ്പെട്ട് കഥാകൃത്ത് ജിനു വർഗീസ് എബ്രഹാമിനും നിർമാതാവ് സുപ്രിയ മേനോൻ തുടങ്ങിയവർക്ക് കോടതി നോട്ടീസ് അയച്ചു. തമിഴ്നാട് സ്വദേശി മഹേഷ് എം ആണ് തന്റെ കഥ മോഷ്ടിച്ചാണ് ചിത്രം നിർമിച്ചതെന്ന് പരാതി നൽകിയത്. ജസ്റ്റിസ് സി എസ് ഡയസ് ആണ് ഹർജിയിൽ നടപടി സ്വീകരിച്ചത്.
View this post on Instagram