യുവനടൻ പൃഥ്വിരാജ് നായകനയി എത്തുന്ന ചിത്രം ‘കടുവ’ റിലീസ് നീട്ടിവെച്ചു. അപ്രതീക്ഷിതമായ ചില സാഹചര്യങ്ങളാൽ ‘കടുവ’യുടെ റിലീസ് ഒരാഴ്ചത്തേക്ക് നീട്ടി വെച്ചതായി പൃഥ്വിരാജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ജൂൺ 30ന് ആയിരുന്നു കടുവയുടെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ, ജൂലൈ ഏഴിലേക്കാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയിരിക്കുന്നത്.
‘വലിയ സ്വപ്നങ്ങൾ, വലിയ തടസങ്ങൾ, ശത്രുക്കൾ കരുത്തർ, പോരാട്ടം കഠിനം’ എന്ന് പറഞ്ഞുകൊണ്ടാണ് പൃഥ്വി തന്റെ കുറിപ്പ് തുടങ്ങുന്നത്. ‘വലിയ സ്വപ്നങ്ങൾ, വലിയ തടസങ്ങൾ, ശത്രുക്കൾ കരുത്തർ, പോരാട്ടം കഠിനം. അപ്രതീക്ഷിതമായ ചില സാഹചര്യങ്ങളാൽ കടുവ റിലീസ് ഒരാഴ്ചത്തേക്ക് കൂടി മാറ്റി ജൂലൈ ഏഴിലേക്ക് ആക്കി. ഷെഡ്യൂൾ ചെയ്ത എല്ലാ പ്രമോഷണൽ പ്രവർത്തനങ്ങളുമായി ഞങ്ങൾ മുന്നോട്ട് പോകും. ഈ മാസ് ആക്ഷൻ എന്റർടയിനറിന് നിങ്ങൾ നൽകുന്ന സ്നേഹത്തിനും പിന്തുണയ്ക്കും ഞങ്ങൾ വിശ്വാസമർപ്പിക്കുന്നു. ലോകമെമ്പാടുമുള്ള എല്ലാ ആരാധകരോടും വിതരണക്കാരോടും തിയറ്റർ ഉടമകളോടും ഞങ്ങൾ ക്ഷമ ചോദിക്കുന്നു’ – ഇങ്ങനെയൊരു കുറിപ്പിലൂടെയാണ് സിനിമയുടെ റിലീസ് മാറ്റിയ വിവരം പൃഥ്വിരാജ് അറിയിച്ചത്.
സിംഹാസനം എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് – ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് കടുവ. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്റെ തിരക്കഥ. ലൂസിഫറിന് ശേഷം വീണ്ടും ബോളിവുഡ് താരം വിവേക് ഒബ്റോയി ഒരു മലയാള സിനിമയിൽ എത്തുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അർജുൻ അശോകൻ, അലൻസിയാർ, ബൈജു, രഞ്ജി പണിക്കർ തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഛായാഗ്രഹണം – അഭിനന്ദ് രാമാനുജം, സംഗീത സംവിധാനം – ജേക്സ് ബിജോയ്, സംഘട്ടനം – കനൽ കണ്ണൻ, മാഫിയ ശശി, എഡിറ്റിംഗ് – ഷമീർ മുഹമ്മദ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവരാണ് നിർമാതാക്കൾ.
View this post on Instagram