നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനെക്കുറിച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. ദിലീപിന് എതിരെയും പൃഥ്വിരാജിന് എതിരെയും കടുത്ത വിമർശനങ്ങളാണ് കൈതപ്രം ഉയർത്തിയിരിക്കുന്നത്. തന്നെ സിനിമയിൽ നിന്നും മാറ്റാൻ ദിലീപും പൃഥ്വിരാജും ഇടപെട്ടെന്നാണ് കൈതപ്രം ദാമാദരൻ നമ്പൂതിരി പറയുന്നത്. ദീപക് ദേവ് സംവിധാനം ചെയ്ത ഒരു സിനിമയിൽ പാട്ടെഴുതാനായി തന്നെ വിളിച്ചു വരുത്തിയ ശേഷം പൃഥ്വിരാജ് ഒഴിവാക്കിയെന്നാണ് കൈതപ്രം അഭിമുഖത്തിൽ ആരോപിച്ചത്. എന്നാൽ, തനിക്ക് ഇതൊന്നും പ്രശ്നമല്ലെന്നും അപ്പോൾ തന്നെ താൻ അവിടെനിന്ന് ഇറങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഈ കാലും വെച്ച് മുടന്തി മുടന്തി രണ്ടാമത്തെ നില വരെ കയറിയിട്ട് ദീപക് ദേവിന്റെ സ്റ്റുഡിയോയിൽ പോയിട്ട് എഴുതിയിട്ട് എന്നെ അയാൾ പറഞ്ഞയയ്ക്കുമ്പോൾ അതിന്റെ വേദന എത്രയാണെന്ന് ആലോചിച്ച് നോക്കൂ, എന്റെ വേദന അയാളെ ആലോചിച്ചാണ്. ഇത്രയും മണ്ടനാണല്ലോ അയാൾ എന്നാലോചിച്ചിട്ടാണ്. അങ്ങനെയുള്ള ആൾക്കാരുമുണ്ട്’ – പൃഥ്വിരാജിനെക്കുറിച്ച് കൈതപ്രം പറഞ്ഞു. ദിലീപും തന്നെ ഒരു പാട്ടിൽ നിന്ന് മാറ്റിയിട്ടുണ്ടെന്നും അത് മറക്കാൻ പറ്റില്ലെന്നും ഒരു പാട്ടെഴുതി അടുത്ത പാട്ട് എഴുതാൻ നിൽക്കുമ്പോൾ അത് വേറൊരു നമ്പൂതിരി എഴുതട്ടെ എന്ന് പറഞ്ഞു. തന്റെ എഴുത്തൊന്നും പോരാ എന്ന അഭിപ്രായമാണ് ദിലീപിന് ഉള്ളതെന്നും തന്നെ ഒഴിവാക്കിയതിനു ശേഷം ഹരിയെ കൊണ്ടാണ് ആ പാട്ട് എഴുതിച്ചതെന്നും കൈതപ്രം പറഞ്ഞു.
മലയാളസിനിമയിലെ ഗാനരചയിതാക്കൾക്കും സംഗീതസംവിധായകർക്കും ഒപ്പമുള്ള തന്റെ യാത്രയെക്കുറിച്ച് ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ കൈതപ്രം സംസാരിച്ചിരുന്നു. ഈ അഭിമുഖത്തിലാണ് ദിലീപിൽ നിന്നും പൃഥ്വിരാജിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് കൈതപ്രം സംസാരിച്ചത്. ദീപക് ദേവ് സംഗീതസംവിധാനം ചെയ്ത ഒരു സിനിമയിൽ പാട്ടെഴുതാനായി തന്നെ വിളിച്ചു വരുത്തിയ ശേഷം പൃഥ്വിരാജ് ഒഴിവാക്കിയെന്നാണ് അഭിമുഖത്തിൽ കൈതപ്രം പറഞ്ഞത്. സൂപ്പർ താരങ്ങൾ താരമായത് താൻ എഴുതിയ പാട്ടിലൂടെയാണെന്നും എന്നാൽ പലരും പലതും മറക്കുകയാണെന്നും കൈതപ്രം പറഞ്ഞു. തനിക്ക് ഒന്നും മറക്കാൻ പറ്റില്ലെന്നും അതുകൊണ്ടു തന്നെ ജയരാജിനെയും ലോഹിതദാസിനെയും മോഹൻലാലിനെയും മമ്മൂട്ടിയെയും ദിലീപിനെയും ഒന്നും മറക്കാൻ കഴിയില്ലെന്നും കൈതപ്രം പറഞ്ഞു.