തിയറ്ററുകളിൽ നിറഞ്ഞ സദസുകളിൽ ‘നൈറ്റ് ഡ്രൈവ്’ എന്ന ത്രില്ലർ ചിത്രം പ്രദർശനം തുടരുകയാണ്. ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിൽ പ്രധാനമായും പറയുന്നത്. റോഷൻ മാത്യു, അന്ന ബെൻ, ഇന്ദ്രജിത്ത് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പുലിമുരുകൻ, പോക്കിരിരാജ തുടങ്ങിയ വലിയ ചിത്രങ്ങൾ ഒരുക്കിയ വൈശാഖിന്റെ വ്യത്യസ്തമായ ഒരു ചിത്രം കൂടിയാണ് ‘നൈറ്റ് ഡ്രൈവ്’. കഴിഞ്ഞ ദിവസം തിയറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രതികരണങ്ങൾ നേടിയാണ് പ്രദർശനം തുടരുന്നത്.
ചിത്രത്തിൽ കലാഭവൻ ഷാജോണും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നൈറ്റ് ഡ്രൈവിന്റെ ഭാഗമാകാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് കലാഭവൻ ഷാജോൺ വ്യക്തമാക്കി. വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങിയ വളരെ വ്യത്യസ്തമായ ഒരു ചിത്രമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. പുലിമുരുകൻ ഷൂട്ടിംഗ് പൂർത്തിയാക്കാൻ ആറുമാസം എടുത്ത വൈശാഖ് നൈറ്റ് ഡ്രൈവ് പത്ത് മുപ്പത്തിയഞ്ച് ദിവസം കൊണ്ട് ഷൂട്ട് ചെയ്തു കഴിഞ്ഞെന്നും കലാഭവൻ ഷാജോൺ വ്യക്തമാക്കി.
‘നൈറ്റ് ഡ്രൈവിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. വൈശാഖിന്റെ സിനിമ എന്ന് പറയുമ്പോൾ തിയറ്ററിൽ അതൊരു ആഘോഷമുള്ളൊരു എക്സ്പീരിയൻസ് ആയിരിക്കും. ഒരൊറ്റ രാത്രി നടക്കുന്ന കഥയാണ് ഇത്.’ – ചിത്രത്തിൽ തനിക്ക് വൈശാഖ് വളരെ നല്ലൊരു കഥാപാത്രത്തെ തന്നതായും വൈശാഖ് പറഞ്ഞു. ഡി വൈ എസ് പി ചാക്കോ എന്നാണ് നൈറ്റ് ഡ്രൈവിലെ കലാഭവൻ ഷാജോണിന്റെ കഥാപാത്രത്തിന്റെ പേര്. കുടുംബത്തോടൊപ്പം കാണേണ്ട സിനിമയാണ് ഇതെന്നും ക്ലൈമാക്സിൽ വരുമ്പോൾ ടിപ്പിക്കൽ വൈശാഖ് മൂവിയുടെ ഫ്ലേവർ ഉള്ള സിനിമയാണ് ഇതെന്നും ഷാജോൺ വ്യക്തമാക്കി.