മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്. ചിത്രത്തിന്റെ ഷൂട്ടിംഗ് രാജസ്ഥാനില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ ഗുസ്തി ഇതിഹാസം ദ് ഗ്രേറ്റ് ഗാമയായാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഭാഗമാവുന്ന പലരും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ ഭാഗമായതിനെക്കുറിച്ച് പറയുകയാണ് ഹരികൃഷ്ണന് ഗുരുക്കള്‍.
കേരളത്തിന്റെ തനത് ആയോധന കലയായ കളരിപ്പയറ്റിനെ ഗിന്നസ് റെക്കോര്‍ഡില്‍ എത്തിച്ച വ്യക്തിയാണ് ഹരികൃഷ്ണന് ഗുരുക്കള്‍. താനും മലൈക്കോട്ടൈ വാലിബന്റെ ഭാഗമാവുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് ഹരികൃഷ്ണന്. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ഹരികൃഷ്ണന്റെ ട്വീറ്റ്. ചലച്ചിത്ര മേഖലയില്‍ ഒരു നാഴികക്കല്ല് തന്നെയായി മാറാനിരിക്കുന്ന മലൈക്കോട്ടൈ വാലിബനില്‍ ഇതിഹാസതാരം മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ താന്‍ ഏറെ ആഹ്ലാദവാനാണെന്ന് ഹരികൃഷ്ണന് പറഞ്ഞു. ഈ ഗംഭീര അവസരം തനിക്ക് നല്‍കിയതില്‍ ദൈവത്തിനും സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിക്കും നന്ദി പറയുന്നതായും ഹരികൃഷ്ണന് പറഞ്ഞു
കളരിയില്‍ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട് ഹരികൃഷ്ണന്. മുപ്പത് സെക്കന്‍ഡില്‍ 61 പൈനാപ്പിള്‍ 61 പേരുടെ തലയില്‍ വച്ച് വാള് കൊണ്ട് വെട്ടിമുറിച്ചതിനാണ് ഹരികൃഷ്ണന് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചത്. 37 സെക്കന്‍ഡില്‍ 230 തവണ ഉറുമി വീശിയതിലൂടെ അറേബ്യന്‍ ബുക്സ് ഓഫ് വേള്‍ഡ് റെക്കോര്‍ഡിലും ഇടംപിടിച്ചു. പിന്നീട് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഈ ഉറുമിവീശല്‍ ഇടംപിടിച്ചു. 24 സംസ്ഥാനങ്ങള്‍ പങ്കെടുത്ത കളരിപ്പയറ്റ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ 2013-15 വരെ ഹാട്രിക് സ്വര്‍ണ്ണം നേടി. 2016 ല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വാള്പ്പയറ്റിലും സ്വര്‍ണ്ണം നേടി. ദേശീയ തലത്തില്‍ എട്ട് സ്വര്‍ണ്ണം, മൂന്ന് വെള്ളി, ഒരു വെങ്കലം എന്നിങ്ങനെയാണ് ഹരികൃഷ്ണന്റെ നേട്ടം.