സിനിമാജീവിതത്തിൽ അച്ഛന്റെ ഭാഗത്തു നിന്ന് പിന്തുണ വേണമെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും എന്നാൽ, അതുണ്ടായിട്ടില്ലെന്നും നടൻ കാളിദാസ് ജയറാം. ഒരു പിന്തുണയുടെയും പിൻബലമില്ലാതെയാണ് അദ്ദേഹം കടന്നുവന്നതെന്നും അതു കൊണ്ടായിരിക്കാം തന്റെ കാര്യത്തിലും ഇങ്ങനെ പ്രവർത്തിക്കുന്നതെന്നും കാളിദാസ് പറഞ്ഞു. ഗലാട്ട പ്ലസിൽ ഭരദ്വാജ് രംഗന് നൽകിയ അഭിമുഖത്തിലാണ് തന്റെ സിനിമാജീവിത്തെക്കുറിച്ചും അച്ഛൻ ജയറാമിനെക്കുറിച്ചും കാളിദാസ് മനസു തുറന്നത്. സ്റ്റാർ കിഡ്സിന് ലഭിക്കുന്ന തരത്തിലുള്ള ലോഞ്ചിങ്ങൊന്നും തനിക്ക് സിനിമയിൽ ലഭിച്ചിട്ടില്ലെന്നും അച്ഛനായ ജയറാമിന് അത്തരം കാര്യങ്ങൾ അറിയില്ലെന്നും കാളിദാസ് പറഞ്ഞു.
ഇൻഡസ്ട്രിയിൽ വന്ന് 35ലേറെ വർഷങ്ങൾ ആയെങ്കിലും ചരടുവലി നടത്താനൊന്നും ജയറാമിന് അറിയില്ലെന്നും കാളിദാസ് പറഞ്ഞു. അങ്ങനെ കാര്യങ്ങൾ നേടിയെടുക്കാൻ അറിഞ്ഞിരുന്നെങ്കിൽ ഇന്നു കാണുന്നതിനേക്കാൾ എത്രയോ വലിയ നടനായി അദ്ദേഹം മാറിയേനെ എന്നും അതാണ് തന്റെ ഒരു തോന്നലെന്നും ജയറാം പറഞ്ഞു. ജയറാമിന്റെ മകൻ എന്ന പേരുണ്ടായിരുന്നെന്നും അത് മാത്രം മതിയായിരുന്നു സമ്മർദ്ദത്തിലാക്കാനെന്നും കാളിദാസ് വ്യക്തമാക്കി.
താൻ ചെയ്ത സിനിമകളെല്ലാം തന്റെ മാത്രം തീരുമാനത്തിന്റെ ഭാഗമായിരുന്നെന്നും നല്ല സിനിമകളുയെടും നല്ല കണ്ടന്റുകളുടെയും ഭാഗമാകണമെന്ന് ആദ്യം മുതലേ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് അത്തരം പടങ്ങൾ തെരഞ്ഞെടുത്തത്. ബാലതാരമായി കരിയർ തുടങ്ങിയ കാളിദാസ് തമിഴിലെ മീൻ കൊഴമ്പും മൻ പനിയും എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി നായകനായത്. മലയാളത്തിൽ പൂമരം, അർജന്റീന ഫാൻസ് കാട്ടൂർകടവ്, ഹാപ്പി സർദാർ, ജാക്ക് ആൻഡ് ജിൽ, മിസ്റ്റർ ആൻഡ് മിസിസ് റൗഡി എന്നീ ചിത്രങ്ങൾ ചെയ്തു. പാവ കഥൈകൾ എന്ന ആന്തോളജിയിലെ തങ്കം എന്ന ചിത്രത്തിലെ വേഷമാണ് കാളിദാസിന്റെ കരിയറിൽ വഴിത്തിരിവായത്. നച്ചത്തിരം നഗർകിരത് ആണ് താരത്തിന്റെ ഏറ്റവും ഒടുവിൽ റിലീസ് ആയ ചിത്രം.