മലയാളികളെ എക്കാലവും പൊട്ടിച്ചിരിപ്പിച്ച കൊണ്ടിരിക്കുന്ന നടൻ മുകേഷിന്റെ മകൻ ശ്രാവൺ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം എന്നതുകൊണ്ട് ശ്രദ്ധേയമായതാണ് രാജേഷ് നായർ സംവിധാനം നിർവഹിക്കുന്ന കല്യാണം. കൂടെ തെന്നിന്ത്യൻ സ്വപ്നറാണി നസ്രിയയുടെ രൂപസാദൃശ്യം കൊണ്ട് ശ്രദ്ധേയയായ വർഷ ബൊല്ലമ്മയും മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നുവെന്നതും കല്യാണത്തിന് ഒരുങ്ങാൻ പ്രേക്ഷകർക്ക് ഊർജ്ജമേകി.
ഒരു പൈങ്കിളി ലവ് സ്റ്റോറിയെന്ന ഹാഷ്ടാഗുമായി വന്ന് അതിനോട് പൂർണമായും നീതി പുലർത്തിയ ചിത്രം. സോൾട് മാംഗോ ട്രീ, എസ്കേപ്പ് ഫ്രം ഉഗാണ്ട എന്നീ ചിത്രങ്ങൾ അണിയിച്ചൊരുക്കിയ രാജേഷ് നായർ സംവിധാനം ചെയ്യുന്ന കല്യാണം പേരിലെ പോലെ തന്നെ ഒരു കല്യാണത്തെ ചുറ്റിപ്പറ്റിയുള്ള ഒരു ചിത്രമാണ്. ശരത്തിന്റെ അയൽക്കാരിയും ചെറുപ്പം മുതലേയുള്ള കളിക്കൂട്ടുകാരിയുമാണ് ശാരി. കാലം ചെല്ലുന്തോറും അവർ തമ്മിലുള്ള അകലം കൂടിയെങ്കിലും ശരത്തിന് ശാരിയോട് പ്രണയം വർദ്ധിച്ചതേയുള്ളൂ. അത് തുറന്നു പറയുവാൻ ശരത് നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പ്രേക്ഷകരുടെ മുൻപിലേക്ക് അവതരിപ്പിച്ചുകാട്ടുന്നത്. ഒരു തുടക്കകാരന്റെ എല്ലാ വിധ പതർച്ചയും ശ്രാവണിൽ പ്രകടമായിരുന്നു. എന്നിരുന്നാലും മലയാളത്തിൽ കൂടുതൽ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ കൂടുതൽ ഇഷ്ടം പിടിച്ചുപറ്റുവാൻ ശ്രാവനാകുമെന്നാണ് വിശ്വാസം. ശാരിയായി മലയാളത്തിലേക്കുള്ള തന്റെ അരങ്ങേറ്റം വർഷ ബൊല്ലമ്മയും ഒട്ടും മോശമാക്കിയില്ല. മുകേഷ്, ശ്രീനിവാസൻ, ഹരീഷ് കണാരൻ, ഗ്രിഗറി, ധർമജൻ, ഇന്ദ്രൻസ്, മാല പാർവതി തുടങ്ങിയവരാണ് താരനിര. ടിപ്പിക്കൽ സ്റ്റോറിലൈനിൽ ഹൈ ലൈറ്റായി നിന്നത് പ്രകാശ് അലക്സ് ഒരുക്കിയ ഗാനങ്ങളും BGMഉം ആണ് . എന്തായാലും ഏറെ റിസ്കുകളും ആഘോഷങ്ങളും നിറഞ്ഞ കല്യാണത്തിലൂടെ അരങ്ങേറ്റം കുറിച്ച താരപുത്രഗണത്തിലെ പുതിയ അംഗം ശ്രാവൺ മുകേഷിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു