മലയാളത്തിലും തമിഴിലുമായി തുടർച്ചായി മൂന്ന് പടങ്ങൾ ഹിറ്റ് ആയതിന്റെ സന്തോഷത്തിലാണ് ഈ താരപുത്രി. മറ്റാരെയും കുറിച്ചല്ല സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകൾ കല്യാണിക്കാണ് ഈ നേട്ടം. ചിമ്പു നായകനായി എത്തിയ തമിഴ് ചിത്രമായ മാനാട് വൻ വിജയമായിരുന്നു. മാനാട് മാത്രമല്ല മലയാളത്തിൽ കല്യാണി നായികയായി എത്തിയ ഹൃദയം, ബ്രോ ഡാഡി എന്നീ ചിത്രങ്ങളും വൻ വിജയമായിരുന്നു. എന്നാൽ, ഇന്നത്തെ കല്യാണിയിലേക്ക് എത്തുന്നതിനു മുമ്പ് തടിച്ച ചബ്ബിയായ ഒരു ഭൂതകാലം കല്യാണിക്കുണ്ട്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നതും കല്യാണിയുടെ പഴയ ഫോട്ടോകളാണ്.
പണ്ടൊക്കെ തടിച്ച ശരീരപ്രകൃതമായിരുന്നു കല്യാണിയുടേത്. എന്നാൽ, ഇപ്പോഴത്തെ കല്യാണിയെ നോക്കിയാൽ മെലിഞ്ഞ് വളരെ സുന്ദരിയായി ഇരിക്കുന്നത് കാണാം. സിനിമയ്ക്ക് വേണ്ടിയാണോ തടി കുറച്ചതെന്നാണ് ആരാധകരുടെ ചോദ്യം. എന്നാൽ, താൻ തടി കുറച്ചത് സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച് കൊണ്ടിരുന്നപ്പോൾ ആണെന്നും അല്ലാതെ നടിയാകാൻ വേണ്ടി ആയിരുന്നില്ലെന്നും മനസ് തുറക്കുകയാണ് കല്യാണി. റെഡ് കാർപറ്റിന് നൽകിയ അഭിമുഖത്തിലാണ് കല്യാണി ഇങ്ങനെ പറഞ്ഞത്. ഇപ്പോൾ തന്റെ ശ്രദ്ധ മുഴുവൻ അഭിനയത്തിലാണെന്നും കല്യാണി പറഞ്ഞു.
2013ൽ പ്രൊഡക്ഷൻ ഡിസൈനിൽ അസിസ്റ്റന്റ് ആയിട്ടാണ് കല്യാണി തന്റെ സിനിമ കരിയർ ആരംഭിച്ചത്. 2017ലാണ് ആദ്യമായി സിനിമയിൽ അഭിനയിച്ചത്. തെലുങ്ക് സിനിമയായ ഹലോയിൽ അഖിൽ അകിനേനിയുടെ നായികായിട്ട് ആയിരുന്നു അഭിനേത്രിയായുള്ള കല്യാണിയുടെ അരങ്ങേറ്റം. 2019ൽ തമിഴ് സിനിമയായ ഹീറോയിൽ ശിവ കാർത്തികേയന്റെ നായികയായി. ദുൽഖർ സൽമാന്റെ നായികയായി വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ കൂടെ 2020ൽ മലയാളത്തിൽ എത്തി. ഇപ്പോൾ വിജയിച്ച നിരവധി ചിത്രങ്ങളാണ് കല്യാണിയുടെ പേരിലുള്ളത്. പുത്തം പുതു കാലൈ, മാനാട്, ഹൃദയം, ബ്രോ ഡാഡി എന്നീ ചിത്രങ്ങളാണ് കല്യാണി അഭിനയിച്ച അടുത്തിടെ റിലീസ് ആയ ചിത്രങ്ങൾ. തനിക്ക് പ്രത്യേകിച്ച് പ്ലാനുകളൊന്നുമില്ലെന്നും കല്യാണി വ്യക്തമാക്കുന്നു.