ആരാധകർ കാത്തിരുന്ന ഉലകനായകൻ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘വിക്രം 2022 ജൂൺ മൂന്നിന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള മേക്കിംഗ് ദൃശ്യങ്ങൾ കോർത്തിണക്കിയുള്ള വീഡിയോ അവതരിപ്പിച്ചു കൊണ്ടാണ് അണിയറപ്രവർത്തകർ റിലീസ് തീയതി പുറത്തുവിട്ടത്. കമൽ ഹാസനൊപ്പം ഫഹദ് ഫാസിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സോണി മ്യൂസിക് സൗത്തിന്റെ യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. ചിത്രത്തിൽ വിജയ് സേതുപതിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും.
ഭാഷാഭേദമന്യേ തെന്നിന്ത്യൻ സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കമൽ ഹാസൻ നായകനായി എത്തുന്ന ‘വിക്രം’. വിജയ് നായകനായ ‘മാസ്റ്റർ’ എന്ന ചിത്രത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ജൂൺ മൂന്നിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തും. നരെയ്ൻ, കാളിദാസ് ജയറാം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.
ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ ആണ്. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത് 2020ലെ കമൽ ഹാസന്റെ പിറന്നാൾ ദിനത്തിൽ ആയിരുന്നു. ‘വിക്രം’ നിർമിച്ചിരിക്കുന്നത് രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസനും ആർ മഹേന്ദ്രനും ചേർന്നാണ്. സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് ലോകേഷ് കനകരാജും രത്നകുമാറും ചേർന്നാണ്. സംഗീതം – അനിരുദ്ധ്, എഡിറ്റിംഗ് – ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം – അന്‍പറിവ്, കലാസംവിധാനം – എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം – പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് – ശശി കുമാര്‍, നൃത്തസംവിധാനം – സാന്‍ഡി. പിആര്‍ഒ – ഡയമണ്ട് ബാബു.