സിനിമാപ്രേക്ഷകർ വലിയ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിലാണ്. കാരണം, അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ ചിത്രങ്ങളാണ്. എന്നാൽ അതിലേറെ കൗതുകമുള്ള മറ്റൊരു കാര്യം ഈ ചിത്രങ്ങളെല്ലാം ഒരേ സമയം ഒരു സ്റ്റുഡിയോയിലാണ് ചിത്രീകരണം പൂർത്തിയാക്കുന്നത് എന്നുള്ളതാണ്. രജനികാന്ത് നായകനായി എത്തുന്ന ജയിലർ, ഷാരുഖ് ഖാൻ – ആറ്റ്ലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ജവാൻ, കമൽ ഹാസന്റെ ഇന്ത്യൻ 2 എന്നീ ചിത്രങ്ങളാണ് ഒരേ സ്റ്റുഡിയോയിൽ ചിത്രീകരണം പുരോഗമിക്കുന്നത്. ചെന്നൈ ഇ സി ആറിൽ ഉള്ള ആദിത്യ റാം സ്റ്റുഡിയോയിലാണ് ഈ ചിത്രങ്ങളുടെയെല്ലാം ചിത്രീകരണം ഒരേസമയം പുരോഗമിക്കുന്നത്.
ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 സിനിമയുടെ ചിത്രീകരണം നിലവിൽ ചെന്നൈ പാരിസ് കോർണറിലെ ഏഴിലകം ബിൽഡിങ്സിലാണ് പുരോഗമിക്കുന്നത്. നിലവിൽ ജയപ്രകാശ്, ബോബിസിൻഹ എന്നിവരുടെ ഭാഗങ്ങളാണ് ഷൂട്ട് ചെയ്തു കൊണ്ടിരിക്കുന്നത്. അടുത്ത ആഴ്ച ഇന്ത്യൻ 2വിന്റെ ഷൂട്ടിംഗ് ചെന്നൈ ഇ സി ആറിലുള്ള ആദിത്യ റാം സ്റ്റുഡിയോയിലേക്ക് മാറും. അതിനുശേഷമായിരിക്കും കമൽ ഹാസൻ ഇന്ത്യൻ 2 ടീമിനൊപ്പം ജോയിൻ ചെയ്യുക.
ചെന്നൈയിൽ പുതുതായി ആരംഭിച്ച മെഗാ സ്റ്റുഡിയോ ആണ് ആദിത്യ റാം സ്റ്റുഡിയോ. ഇന്ത്യൻ 2 കൂടി ഇങ്ങോട്ടേക്ക് ഷൂട്ടിന് എത്തുന്നതോടെ ഇവിടെ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രങ്ങളുടെ എണ്ണം മൂന്ന് ആയി ഉയരും. നിലവിൽ ഷാരുഖ് ഖാൻ – ആറ്റ്ലി ചിത്രം ജവാൻ, രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ജയിലർ എന്നിവയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഷാരുഖ് ഖാൻ – ആറ്റ്ലി ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലൻ. ജവാൻ ചിത്രത്തിലെ ഷാരുഖിന്റെയും വിജയ് സേതുപതിയുടെയും കോംപിനേഷൻ ആണ് ഇപ്പോൾ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഒരു അത്ഭുത പ്രതിഭാസത്തിനാണ് ആദിത്യ റാം സ്റ്റുഡിയോ സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യൻ സിനിമയിലെ മഹാപ്രതിഭകൾ ഒരേ സ്റ്റുഡിയോയിൽ വ്യത്യസ്ത സിനിമകൾക്കായി ഒത്തു ചേരുമ്പോൾ പ്രേക്ഷകരും ആവേശത്തിലാണ്. വെള്ളിത്തിരയിൽ തങ്ങളുടെ പ്രിയതാരങ്ങൾ പ്രതിഭയുടെ വിളയാട്ടം നടത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകരും.