ശങ്കർ – കമലഹാസൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ 2ന്റെ ലൊക്കേഷനിൽ ക്രെയിൻ നിലം പതിച്ച് മൂന്ന് പേർ മരിക്കുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ച മൂന്ന് പേരുടെയും മൃതദേഹങ്ങൾ ഹോസ്പിറ്റലിൽ നേരിട്ട് ചെന്ന് കാണുകയും അന്തിമോപചാരം അർപ്പിക്കുകയും ചെയ്തിരിക്കുകയാണ് കമൽഹാസൻ. അതിന് ശേഷം മാധ്യമ പ്രവർത്തകരെ കണ്ട താരം ഷൂട്ടിംഗ് സ്ഥലത്തെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ മരിച്ച മൂന്നു പേരുടെയും കുടുംബങ്ങൾക്ക് ഓരോ കോടി രൂപ വീതവും താരം പ്രഖ്യാപിച്ചു.
നഷ്ടപ്പെട്ട ജീവിതങ്ങളെ വെച്ച് നോക്കുമ്പോൾ ഒരു കോടി രൂപ ഒന്നുമല്ല എന്നു പറഞ്ഞ അദ്ദേഹം ആ മൂന്ന് പേർ സിനിമാലോകത്തിന് അവരുടെ കഠിനാധ്വാനം കൊണ്ട് സമ്മാനിച്ചത് കണക്കുകൂട്ടാൻ കഴിയാവുന്നതിനും അപ്പുറമാണെന്ന് കൂട്ടിച്ചേർത്തു. തന്റെ സ്വന്തം കുടുംബത്തിന്റെ നഷ്ടമായി തന്നെ മരിച്ചു പോയവരെ കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും തുല്യമായ സുരക്ഷ ഉറപ്പ് വരുത്തുന്ന വഴി ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകില്ല എന്നു പറഞ്ഞ അദ്ദേഹം അപ്രതീക്ഷിത മുറിവുകൾ തരുന്ന വേദന തനിക്കറിയാവുന്നത് കൊണ്ട് തന്നെ ഏറെ വലുതാണെന്നും പറഞ്ഞു. താനും സംവിധായകൻ ശങ്കറും തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. അല്ലായിരുന്നുവെങ്കിൽ തനിക്ക് പകരം മറ്റൊരാൾ ആയിരിക്കും ഇപ്പോൾ സംസാരിക്കേണ്ടി വന്നതും എന്നും കമൽഹാസൻ തുറന്നു പറഞ്ഞു.