തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ ജൂൺ മൂന്നിന് വൻ താരയുദ്ധമാണ് നടക്കാൻ പോകുന്നത്. ഉലക നായകൻ കമൽ ഹാസൻ നായകനായി എത്തുന്ന വിക്രം, യുവനടൻ നിവിൻ പോളി നായകനായി എത്തുന്ന തുറമുഖം എന്നീ ചിത്രങ്ങളാണ് ജൂൺ മൂന്നിന് തിയറ്ററുകളിലേക്ക് എത്തുന്ന പ്രധാന ചിത്രങ്ങൾ. കേരളത്തിലും സിനിമാപ്രേമികൾ കാത്തിരിക്കുന്ന ചിത്രങ്ങളാണ് ഇവ രണ്ടും. അതുകൊണ്ടു തന്നെ വലിയ ഹൈപ്പാണ് ഇരു ചിത്രങ്ങളും സൃഷ്ടിച്ചിരിക്കുന്നത്.
കമൽ ഹാസൻ നായകനായി എത്തുന്ന ‘വിക്രം’ സിനിമയുടെ സംവിധായകൻ ലോകേഷ് കനകരാജ് ആണ്. കമൽ ഹാസനൊപ്പം വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്ന് ഫഹദ് ഫാസിൽ, ചെമ്പൻ വിനോദ്, നരേൻ, കാളിദാസ് ജയറാം എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. തമിഴ് നടൻ വിജയ് സേതുപതിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതിഥി വേഷത്തിൽ സൂര്യയും എത്തുന്നു. ഇക്കാരണങ്ങളാൽ കൊണ്ടു തന്നെ ഒരു മൾട്ടി സ്റ്റാർ മാമാങ്കമായി മാറിയിരിക്കുകയാണ് ചിത്രം.
നിവിൻ പോളി നായകനായി എത്തുന്ന ചിത്രമായ ‘തുറമുഖം’ രാജീവ് രവിയാണ് സംവിധാനം ചെയ്യുന്നത്. നിവിൻ പോളിക്കൊപ്പം നിരവധി താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, അർജുൻ അശോകൻ, മണികണ്ഠൻ ആചാരി, സുദേവ് നായർ, നിമിഷാ സജയൻ, ദർശന രാജേന്ദ്രൻ, സെന്തിൽ കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, പൂർണ്ണിമ ഇന്ദ്രജിത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഗോപൻ ചിദംബരം രചന നിർവഹിച്ച ഈ ചിത്രം ഒരു ബിഗ് ബജറ്റ് ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. ഇരു ചിത്രങ്ങളുടെയും ട്രയിലറിന് വൻ സ്വീകരണമായിരുന്നു ലഭിച്ചത്.