തിരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിലെപ്പോലെ തന്നെ തമിഴ്നാട്ടിലും പ്രചാരണങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. നടനും മക്കൾ നീതി മായം പ്രസിഡന്റുമായ കമലഹാസൻ കോയമ്പത്തൂർ സൗത്തിൽ നിന്നുമാണ് ജനവിധി തേടുന്നത്. ബിജെപി സ്ഥാനാർത്ഥി വനാതി ശ്രീനിവാസനാണ് പ്രധാന എതിരാളി. നോമിനേഷൻ സമർപ്പിച്ച കമലഹാസന്റെ സ്വത്തുവിവരങ്ങളും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
176.9 കോടിയുടെ സ്വത്തുവകകളാണ് താരത്തിന് സ്വന്തമായി ഉള്ളത്. അതിൽ 131.8 കോടി രൂപയുടേത് സ്ഥാവര സ്വത്താണ്. ഇത് കൂടാതെ 49.05 കോടി രൂപയുടെ ലോണുകളും തന്റെ പേരിലുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. തനിക്കെതിരെ കോടതിയിൽ യാതൊരു കേസുകളുമില്ലെന്നും ഭാര്യയോ ആശ്രിതരോ ഒന്നുമില്ലെന്നും കമലഹാസൻ വ്യക്തമാക്കി. വാണി ഗണപതി, സരിക എന്നിങ്ങനെ രണ്ടുപേരെ വിവാഹം കഴിച്ചിരുന്നുവെങ്കിലും പിന്നീട് വിവാഹമോചനം നേടിയിരുന്നു. അതിന് ശേഷം നടി ഗൗതമിക്കൊപ്പം ലിവിങ് ടുഗെതറിലായിരുന്ന താരം അവരിൽ നിന്നും വേർപിരിഞ്ഞിരുന്നു. ശ്രുതി ഹാസൻ, അക്ഷര ഹാസൻ എന്നിവർ മക്കളാണ്. തമിഴ്നാട്ടിലെ തന്നെ ഏറ്റവും ധനികനായ സ്ഥാനാർത്ഥിയാണ് അദ്ദേഹമിപ്പോൾ. മക്കൾ നീതി മായം വൈസ് പ്രസിഡന്റായ മഹേന്ദ്രനാണ് രണ്ടാമത്തെ ധനികനായ സ്ഥാനാർത്ഥി. 175 കോടിയോളമാണ് അദ്ദേഹത്തിന്റെ സ്വത്ത്.