പ്രേക്ഷകർ ഒന്നടങ്കം ഒരേ ആവേശത്തോടെ കാത്തിരിക്കുന്ന ജനപ്രിയനായകൻ ദിലീപിന്റെ കമ്മാരസംഭവം ഓഡിയോ ലോഞ്ച് ഇന്നലെ കലൂർ ഗോകുലം പാർക്കിൽ വെച്ച് നടന്നു. രതീഷ് അമ്പാട്ട് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സ്റ്റിൽസിനും ടീസറിനും വമ്പൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. താരനിബിഢമായ ഓഡിയോ ലോഞ്ചിൽ ദിലീപ്, സിദ്ധാർഥ്, നിവിൻ പോളി, സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, മുരളി ഗോപി, നമിത പ്രമോദ്, ശ്വേതാ മേനോൻ, സംവിധായകരായ ജോഷി, ബ്ലെസ്സി, ലാൽ ജോസ്, നിർമാതാവ് ഗോകുലം ഗോപാലൻ എന്നിവർ പങ്കെടുത്തു. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ നിർമാണം ഗോകുലം ഗോപാലനാണ്. തമിഴ് സൂപ്പർതാരം സിദ്ധാർഥ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകത കൂടി കമ്മാരസംഭവത്തിനുണ്ട്.