മലയാള സിനിമയിലേക്ക് കടന്നുവരുന്ന ഡിസ്നി + ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രമായ നിവിൻ പോളി നായകനായ ഫാമിലി എന്റർടൈനർ കനകം കാമിനി കലഹത്തിന്റെ രസകരമായ ടീസർ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്ലറും ഏറെ ശ്രദ്ധ പിടിച്ചുപ്പറ്റിയിരുന്നു. വേൾഡ് ഡിസ്നി ഡേയായ നവംബർ 12ന് തന്നെ ഡിസ്നി + ഹോട്ട്സ്റ്റാറിലൂടെ ചിത്രം എത്തുന്നുവെന്നതും ഒരു സവിശേഷതയാണ്.
ഒരു പക്കാ രസകരമായ ഫാമിലി എന്റർടൈനറായിരിക്കും ചിത്രമെന്ന് ട്രെയ്ലർ ഉറപ്പ് നൽകുന്നുണ്ട്. നിവിൻ പോളിയുടെ തന്നെ ബാനറായ പോളി ജൂനിയർ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ആൻഡ്രോയിഡ് കുഞ്ഞപ്പൻ V2.0 എന്ന ആദ്യചിത്രത്തിലൂടെ തന്നെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ്.
ചിത്രത്തെ കുറിച്ച് നിവിൻ പോളി പറയുന്നതിങ്ങനെ.. “രതീഷ് ഈ കഥ എന്നോട് പറഞ്ഞപ്പോൾ തന്നെ ഏറ്റവും ക്ലേശകരമായ ഒരു സമയത്തിലൂടെ കടന്നുപോകുന്ന പ്രേക്ഷകർക്ക് മനസ്സ് ഒന്നു തണുപ്പിക്കുവാൻ ഈ ചിത്രം കാരണമാകും എന്നു എനിക്ക് തോന്നി. കുടുംബങ്ങൾ ഇഷ്ടപ്പെടുന്ന ഒരു മനോഹരചിത്രമാണിത്. രസകരമായ കഥാപാത്രങ്ങളും രംഗങ്ങളും നർമ്മവുമെല്ലാം ഇതിലുണ്ട്. കുറെയേറെ നാളായി പ്രേക്ഷകർ കൊതിക്കുന്ന മനസ്സ് തുറന്നുള്ള പൊട്ടിച്ചിരികൾ തിരികെ കൊണ്ടു വരുവാൻ കനകം കാമിനി കലഹത്തിന് ആകുമെന്ന് എനിക്ക് ഉറപ്പുണ്ട്.”
ഇന്റലിജെന്റ് കോമഡിയാണ് ചിത്രത്തിൽ കൂടുതൽ എങ്കിലും പിടിച്ചിരുത്തുന്ന കഥാഗതിയും ട്വിസ്റ്റുകളുമെല്ലാം പ്രേക്ഷകർക്ക് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ചലച്ചിത്രാനുഭവം സമ്മാനിക്കുമെന്നാണ് സംവിധായകന്റെ ഉറപ്പ്. ഗ്രേസ് ആന്റണി, വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് എന്നിവർ മറ്റ് അഭിനേതാക്കൾ. യാക്സൻ ഗാരി പെരേരയും നേഹ നായരും സംഗീത സംവിധാനം കുറിക്കുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് വിനോദ് ഇല്ലംപ്പള്ളിയാണ്. മനോജ് കണ്ണോത്ത് എഡിറ്റിംഗും ശ്രീജിത്ത് ശ്രീനിവാസൻ ശബ്ദവും ഒരുക്കുന്നു. അനീസ് നാടോടിയാണ് കലാസംവിധാനം. മെൽവി ജെ കോസ്റ്റ്യൂംസും ഷാബു പുൽപ്പള്ളി മേക്കപ്പും നിർവഹിക്കുന്നു.