മലയാളി എന്നല്ല ലോകത്തുള്ള എല്ലാവരും തന്നെ മനസ്സറിഞ്ഞ് ചിരിക്കുവാൻ കൊതിക്കുന്നവരാണ്. അതിപ്പോൾ ഒരു സിനിമ, സീരിയൽ, നാടകം, സർക്കസ് എന്നിങ്ങനെ പല രീതികളിലും അവർ പൂർത്തീകരിക്കുവാൻ ശ്രമിക്കാറുണ്ട്. അതിൽ തന്നെ മുൻപന്തിയിൽ നിൽക്കുന്ന ഒരു ഉപാധിയാണ് സിനിമ. മലയാളിയെ സംബന്ധിച്ചിടത്തോളം ആ കാര്യത്തിൽ നമ്മൾ ഭാഗ്യവന്മാരാണ്. എത്ര കണ്ടാലും മതിവരാത്ത, നിർത്താതെ പൊട്ടിച്ചിരിപ്പിക്കുന്ന കൾട്ട് ക്ലാസിക് കോമഡി ചിത്രങ്ങൾ നിരവധിയാണ് മലയാളത്തിലുള്ളത്. എന്നാൽ ഈ അടുത്തായി മലയാള സിനിമകൾ റിയലിസ്റ്റിക്കും ത്രില്ലറുമെല്ലാമായ ചിത്രങ്ങൾക്ക് പിന്നാലെയാണ്. അങ്ങനെ ചിരിക്കുവാൻ കൊതിക്കുന്ന മലയാളിക്ക് അതിനുള്ള അവസരം ഒരുക്കിയാണ് നിവിൻ പോളിയെ നായകനാക്കി ആൻഡ്രോയിഡ് കുഞ്ഞപ്പൻ ഒരുക്കിയ രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം നിർവഹിച്ച കനകം കാമിനി കലഹം ഡിസ്നി+ ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.
തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ആനന്ദിപ്പിക്കുന്ന ഒരു മുഴുനീള ഹാസ്യ ചിത്രമാണ് കനകം കാമിനി കലഹം. തീയേറ്ററുകളിൽ എന്നും ആഘോഷിക്കപ്പെട്ടിട്ടുള്ള നിവിൻ പോളി ചിത്രങ്ങളുടെ ശ്രേണിയിലേക്ക് ചേർത്തു വെക്കാനാകുന്ന മറ്റൊരു സിനിമ കൂടിയാണിത്. ഒരു ഹോട്ടലിൽ എത്തിച്ചേരുന്ന നായകനും നായികയും ഉൾപ്പെടെ അവിടെയുള്ള ജീവനക്കാരും മറ്റു താമസക്കാരും പരസ്പരം നേരിടേണ്ടിവരുന്ന സംഭവങ്ങളെ തമാശ കലർത്തി പറയുകയാണ് ചിത്രം ചെയ്യുന്നത്. ശുദ്ധഹാസ്യത്തേയും ആക്ഷേപഹാസ്യത്തെയും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന മലയാളിക്ക് കിട്ടിയ മറ്റൊരു സമ്മാനമായ ലോജിക്കുകളും മറ്റും നോക്കാതിരുന്നാൽ തീർച്ചയായും ആസ്വദിക്കാവുന്ന ഒന്നാണ്. പ്ലോട്ടിലേക്ക് എത്തിച്ചേരുവാനുള്ള ഒരു ബുദ്ധിമുട്ട് ആദ്യം കാണിക്കുന്നുണ്ടെങ്കിലും പതിയെ ചിത്രം താളം കണ്ടെത്തുന്നത് നമുക്ക് അനുഭവിച്ചറിയുവാൻ സാധിക്കും.
മലയാളി മങ്കമാരുടെ കനകത്തോടുള്ള താല്പര്യവും അതുമൂലം കുടുംബത്തിലുണ്ടാകുന്ന കൊച്ചു കൊച്ചു കലഹങ്ങളും നർമ്മത്തിൽ ചാലിച്ചവതരിപ്പിക്കുകയാണ് ഈ ചിത്രത്തിൽ. മലയാളസിനിമയിലേക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ വരവറിയിച്ച ചിത്രം കൂടിയാണ് കനകം കാമിനി കലഹം. ഏറെ ശ്രമകരമുള്ള ഹാസ്യ അവതരണ രീതിയാണ് ചിത്രത്തിലുടനീളമെങ്കിലും മലയാള സിനിമയിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത രീതിയിലാണ് ചിത്രത്തിന്റെ കഥപറച്ചിൽ. കഥാപാത്രങ്ങളുടെ പ്രകടനം എടുത്തുനോക്കുമ്പോൾ നിവിൻ പോളി, ഗ്രേസ്, വിനയ് ഫോർട്ട്, വിൻസി, ജാഫർ ഇടുക്കി, ജോയ് മാത്യു എന്നിവരാണ് സിനിമയുടെ ജീവൻ. എല്ലാ കഥാപാത്രങ്ങൾക്കും ശക്തമായ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിൽ തിരക്കഥ ഒരുക്കിയ സംവിധായകനും സാധിച്ചിട്ടുണ്ട്.
വിനോദ് ഇല്ലമ്പള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. യാക്സെൻ ഗാരി പെരേരയും നേഹ നായരും ചേർന്നാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. മനോജ് കണ്ണോത്ത് എഡിറ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം അനീഷ് നാടോടിയാണ്. ഷാബു പുല്ലാപ്പള്ളി മേക്കപ്പും കൾട്ട് റെവല്യൂഷൻ വസ്ത്രാലങ്കാരവും നിർവഹിച്ചു. ഹോട്ട്സ്റ്റാറിൽ റിലീസായ സിനിമ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.