രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ബ്രഹ്മാസ്ത്രയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കങ്കണ റണൗട്ട്. സംവിധായകന് അയാന് മുഖര്‍ജി സിനിമയെടുത്ത് 600 കോടി കത്തിച്ച് ചാരമാക്കിയെന്ന് കങ്കണ പറഞ്ഞു. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ കരണ്‍ ജോഹറിനെതിരേയും കങ്കണ വിമര്‍ശനം ഉന്നയിച്ചു. കരണ്‍ ജോഹറിനെ പോലെയുള്ളവര്‍ കാരണം ഫോക്സ് സ്റ്റുഡിയോ ഇന്ത്യ പണയം വയ്ക്കേണ്ടി വന്നു. ആലിയയേയും രണ്‍ബീറിനേയും പോലെയുള്ള കോമാളികള്‍ കാരണം ഇനിയും എത്ര സ്റ്റുഡിയോകള്‍ പൂട്ടേണ്ടിവരുമെന്നും കങ്കണ ചോദിക്കുന്നു.
സിനിമ നിരൂപകനായ സുമിത് കടേലിന്റെ വ്യാജ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് കങ്കണ ബ്രഹ്മാസ്ത്രയ്ക്കെതിരെ ആഞ്ഞടിച്ചത്. കരണ്‍ ജോഹര്‍ തന്റെ ഷോയിലൂടെ ആലിയ ഭട്ടും രണ്‍ബീറും മികച്ച താരങ്ങളാണെന്ന് സ്ഥാപിക്കുന്നുവെന്നും അയാന് മുഖര്‍ജിയെ പോലെ ഒരു പ്രതിഭ ആ നുണ പതുക്കെ പതുക്കെ വിശ്വസിച്ചുവെന്നും കങ്കണ പറഞ്ഞു. ജീവിതത്തില്‍ ഇതുവരെ ഒരു നല്ല സിനിമ ചെയ്യാത്ത സംവിധായകന് 600 കോടി ബജറ്റില്‍ ഒരു സിനിമ ചെയ്യുന്നുവെന്നും ഇതില്‍ എല്ലാമില്ലേയെന്നും കങ്കണ ചോദിച്ചു.
ബ്രഹ്മാസ്ത്രയുടെ പ്രചാരണത്തിനായി ദക്ഷിണേന്ത്യന്‍ അഭിനേതാക്കളോടും സംവിധായകരോടും കരണ്‍ ജോഹര്‍ യാചിക്കുന്നതായും കങ്കണ ആരോപിച്ചു. നല്ലൊരു എഴുത്തുകാരനേയോ സംവിധായകനെയോ താരങ്ങളെയോ മറ്റ് പ്രതിഭാധനരെയോ വിലക്കെടുക്കുന്നതിന് പകരം അവര്‍ മറ്റെന്ത് ചെയ്യും. യാചിക്കാന്‍ പോകുന്നതിന് പകരം അവര്‍ എന്തുകൊണ്ട് ബ്രഹ്മാസ്ത്രയെ പോലെ ഒരു ദുരന്തത്തിലെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെന്നും കങ്കണ ചോദിക്കുന്നു.