മമ്മൂട്ടി നായകനായ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കണ്ണൂർ സ്ക്വാഡ് സർപ്രൈസ് ഹിറ്റടിച്ച് വിജയകരമായി പ്രദർശനം തുടരുകയാണ്. കളക്ഷനിലും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രം വേൾഡ് വൈഡ് എഴുപത് കോടിയും പിന്നിട്ട് മുന്നേറുകയാണ്. കേരളത്തിൽ നിന്നും മാത്രമായി നാൽപത് കോടിക്കടുത്താണ് ചിത്രം കളക്ഷൻ നേടിയിരിക്കുന്നത്. മമ്മൂട്ടി കമ്പനി തന്നെ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു തുടങ്ങിയ താരങ്ങൾ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.
സംവിധായകൻ റോബി രാജിന്റെ ആദ്യചിത്രമാണ് ഇത്. ഗ്രേറ്റ് ഫാദർ, പുതിയ നിയമം എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ ആയിരുന്നു റോബി രാജ്. എ എസ് ഐ ജോർജ് മാർട്ടിൻ ആയി മമ്മൂട്ടി എത്തിയപ്പോൾ അദ്ദേഹത്തിന്റെ സ്ക്വാഡ് അംഗങ്ങളായി എത്തിയ ശബരീഷ് വർമയും റോണിയും അസീസ് നെടുമങ്ങാടും ചിത്രത്തെ ഒരു സൂപ്പർ സ്ക്വാഡ് ആക്കി മാറ്റുകയായിരുന്നു. മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തിയ പഴയകാല സിനിമകളിൽ പഞ്ച് ഡയലോഗുകളും മാസ് ബി ജി എമ്മും ഉണ്ടായിരുന്നെങ്കിൽ കണ്ണൂർ സ്ക്വാഡിൽ എത്തുമ്പോൾ സാധാരണക്കാരനായ സൗമ്യനായ ഒരു പൊലീസ് കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.
ആദ്യാവസാനം പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു ഗംഭീര ത്രില്ലർ ആണ് കണ്ണൂർ സ്ക്വാഡ്. കേരളത്തിന്റെ ഒരറ്റത്ത് നിന്ന് രാജ്യത്തിന്റെ മറ്റൊരറ്റത്തേക്ക് അന്വേഷണവുമായി ബന്ധപ്പെട്ട് എ എസ് ഐ ജോർജ് മാർട്ടിന് ഒപ്പമുള്ള ക്രൈം സ്ക്വാഡ് എത്തുകയാണ്. കണ്ണൂർ എസ് പിയുടെ കീഴിലുള്ള ക്രൈം സ്ക്വാഡിന്റെ കഥയാണ് സിനിമ പറയുന്നത്. രാഷ്ട്രീയസമ്മർദ്ദം അമിതമാകുന്നത് മൂലം എത്രയും പെട്ടെന്ന് തെളിയിക്കേണ്ടി വരുന്ന ഒരു കേസ്. പ്രതികളെ പിടികൂടാൻ ആകെ ലഭിക്കുന്നത് പത്ത് ദിവസം. റാങ്കുകളുടെ പകിട്ടില്ലാത്ത സാധാരണ പൊലീസുകാരാണ് ക്രൈം സ്ക്വാഡിലെ നാലുപേരും. അതുകൊണ്ടു വിമാനത്തിൽ അന്വേഷണയാത്ര പോകണമെങ്കിൽ നിരവധി നടപടിക്രമങ്ങൾ കടക്കേണ്ടതായിട്ടുണ്ട്. അതുകൊണ്ടു തന്നെ റോഡ് മാർഗം ഒരു സാധാരണവണ്ടി ഓടിച്ച് ഇവർ അന്വേഷണയാത്ര തുടങ്ങുകയാണ്. ചുരുക്കത്തിൽ ഗംഭീരമായ ത്രില്ലറിനൊപ്പം തന്നെ മനോഹരമായ ഒരു റോഡ് മൂവി കൂടിയാണ് കണ്ണൂർ സ്ക്വാഡ്.
മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. നടൻ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മുഹമ്മദ് റാഹിൽ ആണ് ഛായാഗ്രഹണം. ചിത്രത്തിന്റെ സംഗീതം സുഷിൻ ശ്യാമും എഡിറ്റർ പ്രവീൺ പ്രഭാകറുമാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേയർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം നിർവഹിക്കുന്നത്. പാലാ, കൊച്ചി, കണ്ണൂർ, വയനാട്,അതിരപള്ളി, പൂനെ, മുംബൈ എന്നീ സ്ഥലങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകൾ.