കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഡിഎംകെ അദ്ധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധി അന്തരിച്ചു. വൈകിട്ട് 06:10 നായിരുന്നു അന്ത്യം.
അദ്ദേഹത്തിന്റെ അന്ത്യസമയത്ത് മക്കളായ സ്റ്റാലിനും കനിമൊഴിയുമടക്കം എല്ലാവരും തന്നെ സമീപത്തുണ്ടായിരുന്നു.
ഇന്നലെ വൈകുന്നേരം മുതല്‍ കരുണാനിധിയുടെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നായിരുന്നു മെഡിക്കല്‍ ബുള്ളറ്റിന്. കൂടാതെ പ്രായാധിക്യവും രോഗങ്ങളും ചികിത്സയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണനിലയില്‍ എത്തിക്കാന്‍ സാധിക്കുമോ എന്ന് പറയാന്‍ കഴിയില്ല എന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചിരുന്നു.