കെ കെ രാജീവ് ഒരുക്കിയ പരമ്പര ‘അയലത്തെ സുന്ദരി’ ഇന്നത്തെ എപ്പിസോഡോട് കൂടി അവസാനിക്കുകയാണ്. സീരിയലിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രശസ്ത നടി കവിത നായർ അതിനാൽ തന്നെ സങ്കടത്തിലുമാണ്. വികാരാധീനയായി നടി കുറിച്ച വാക്കുകൾ
“2017 മാർച്ച് മാസം പന്ത്രണ്ടാം തീയതിയാണ് കെ കെ രാജീവ് എന്ന പ്രിയപ്പെട്ട സംവിധായകൻ “അയലത്തെ സുന്ദരി ” യുടെ കഥ പറഞ്ഞുതന്നത് . സമയമെടുത്ത് ഒരു ഫോൺ കോളിൽ കാവ്യലക്ഷ്മിയുടെ ജീവിതത്തിന്റെ പറയാൻ ഉദ്ദേശിക്കുന്ന കഥയുടെ 60 ശതമാനത്തോളം അദ്ദേഹം വിവരിച്ചു . തുടക്കം മുതൽ കഥ കേൾക്കുന്നതിനോടൊപ്പം സമാന്തരമായി മറ്റുചില കാര്യങ്ങൾ മനസിലൂടെ പോവുന്നുണ്ടായിരുന്നു .
‘വാടകയ്ക്ക് ഒരു ഹൃദയം’ എന്ന പദ്മരാജൻ സർ എഴുതിയ നോവലിന്റെ ടെലിവിഷൻ ദൃശ്യാവിഷ്കാരം അമൃത ചാനലിന് വേണ്ടി ചെയ്തപ്പോൾ..സംവിധാനം രാജീവ് സർ ആയിരുന്നു. പക്ഷെ തിരക്കഥ സംഭാഷണമൊക്കെ പദ്മരാജൻ സർന്റെ മകൻ അനന്തപദ്മനാഭൻ ചേട്ടനും . അശ്വതി എന്ന കഥാപാത്രം ഇന്നും എനിക്ക് പ്രിയപ്പെട്ടതാണ് . പദ്മരാജൻ സ്ത്രീ സൃഷ്ടികളിൽ ഒന്നിൽ എന്നെ കാണാൻ കഴിഞ്ഞു എന്നതു തന്നെ വലിയ ഭാഗ്യവും .
![Kavitha Nair on Ayalathe Sundhari Last Episode](https://i0.wp.com/cinemadaddy.com/wp-content/uploads/2018/05/Kavitha-Nair-on-Ayalathe-Sundhari-Last-Episode.jpg?resize=700%2C700&ssl=1)
രണ്ടാമതൊരു പ്രൊജക്റ്റ് ചെയ്യാൻ വിളിക്കുന്നുവെങ്കിൽ സ്വാഭാവികമായും അശ്വതിയോട് തോന്നിയതിനൊപ്പമെങ്കിലും അടുപ്പം എനിക്ക് തോന്നണം. രാജീവ് സർന്റെ പല പരമ്പരകളും പുനഃസംപ്രേക്ഷണം വഴിയാണ് കണ്ടിട്ടുള്ളത് . ഏറെക്കുറെ കണ്ടതെല്ലാം ഇപ്പോഴും മനസ്സിലുണ്ട് . അദ്ദേഹത്തിന്റെ എനിക്കേറ്റവും പ്രിയപ്പെട്ട പരമ്പരകളിൽ മൂന്നിലും ശ്രീവിദ്യ എന്ന അഭിനേത്രിയുടെ സാന്നിധ്യമുണ്ട് . അയലത്തെ സുന്ദരിയുടെ കഥ കേൾക്കുമ്പോഴും വിദ്യാമ്മ ചെയ്ത കുറെ രംഗങ്ങളാണ് മനസിലൂടെ പോയത് . പിന്നീട് ഷൂട്ടിങ് തുടങ്ങിയപ്പോഴും പല ദിവസങ്ങളിലും എന്റെ മുന്നിൽ ചെറിയ ചിരിയോടെ താക്കീതോടെ ഞാൻ ചെറുതിലെ കണ്ട അവരുടെ പല രംഗങ്ങളും നിന്നു .
രാജീവ് സർ അദ്ദേഹത്തിന്റെ ആദ്യ പരമ്പര മുതൽ മലയാളത്തിലെ ഏറ്റവും പ്രഗത്ഭരായ നടീനടന്മാരോടൊപ്പമാണ് പ്രവർത്തിച്ചിട്ടുള്ളത് . തിലകൻ സർ മുതൽ ഇങ്ങോട്ട് . ഇന്നും അവരുടെയൊക്കെ കുറവ് ഒരുപാടറിയുന്ന ഒരാൾകൂടിയാണ് അദ്ദേഹം . അങ്ങനെയുള്ള ഒരാളുടെ നാവിൽനിന്ന് എന്നെങ്കിലും നന്നായി അഭിനയിച്ചു എന്ന് കേൾക്കാൻ പറ്റുമോ എന്ന് ശങ്കിച്ചു തന്നെയാണ് ലൊക്കേഷനിൽ എത്തിയത്.”