ദേശീയ അവാർഡ് ജേതാവ് കീർത്തി സുരേഷ് നായികയായ മിസ് ഇന്ത്യയുടെ ട്രെയ്ലർ പുറത്തിറങ്ങി. നവാഗതനായ നരേന്ദ്ര നാഥാണ് സംവിധാനം. അമേരിക്കയിൽ ചായ ബിസിനസ് തുടങ്ങുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു ബിസിനസ് വുമൺ ആകണമെന്ന സ്വപ്നവുമായി നടക്കുന്ന ഒരു പെൺകുട്ടിക്ക് വീട്ടിൽ നിന്നും എതിരാളികളിൽ നിന്നും ലഭിക്കുന്ന എതിർപ്പും ചിത്രത്തിൽ പരാമർശിക്കുന്നുണ്ട്. നവംബർ നാലിന് നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
സ്റ്റൈലിഷ് ലുക്കിൽ കീർത്തി എത്തുന്ന മിസ് ഇന്ത്യയിൽ രാജേന്ദ്ര പ്രസാദ്, ജഗപതി ബാബു, നരേഷ്, നാദിയ, നവീൻ ചന്ദ്ര, കമൽ കാമരാജു എന്നിവരും അഭിനയിക്കുന്നുണ്ട്. ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹേഷ് എസ് കൊനേരു നിർമിക്കുന്ന ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് അമേരിക്കയിലാണ്.