ചലച്ചിത്ര ദമ്പതികളായ കമലഹാസന്റേയും സരികയുടേയും മകളായ ശ്രുതി ഗായികയായും അഭിനേത്രിയായും മോഡലായും പ്രേക്ഷകരുടെ മനം കവർന്നിട്ടുണ്ട്. തന്റെ ആറാമത്തെ വയസ്സിൽ പിതാവ് അഭിനയിച്ച തേവർ മകൻ എന്ന ചിത്രത്തിൽ പാടി. ഇതിന്റെ സംഗീത സംവിധാനം ചെയ്തത് ഇളയരാജ ആണ്. പിന്നീട് സ്കൂൾ ജീവിതത്തിനിടക്ക് ഹിന്ദി ചിത്രമായ ചാച്ചി 420 എന്ന ചിത്രത്തിലും പാടി. പിന്നീട് ഹേ റാം എന്ന ചിത്രത്തിലും പാടി. ഹേ റാമിലൂടെ തന്നെയാണ് അഭിനയ രംഗത്തേക്കും കടന്ന് വന്നത്. ലക്ക്, ഓ മൈ ഫ്രണ്ട്, അനാഗനാഗ ഓ ധീരുടു, ഏഴാം അറിവ്, ഗബ്ബാർ സിംഗ്, വേതാളം, സിംഗം 3, എന്നിങ്ങനെ നിരവധി ഭാഷകളിൽ കഴിവ് തെളിയിച്ചിട്ടുള്ള താരം ഇന്നാണ് തന്റെ മുപ്പത്തിയഞ്ചാം പിറന്നാൾ ആഘോഷിച്ചത്. തനിക്ക് ഇതുവരെ ലഭിച്ചിട്ടുള്ള ഏറ്റവും സ്പെഷ്യൽ പിറന്നാൾ സമ്മാനം ഏതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ.
എന്റെ പതിനെട്ടാം ജന്മദിനത്തിൽ അച്ഛനാണ് എനിക്ക് ആദ്യമായി സംഗീതത്തിന് വേണ്ടി ഒരു കീബോർഡും കമ്പ്യൂട്ടറും സമ്മാനിച്ചത്. സംഗീതം എന്റെ ജീവിതം തന്നെയായപ്പോൾ ആ സമ്മാനവും എനിക്ക് ഏറെ പ്രിയപ്പെട്ടതായി തീർന്നു. അന്ന് തൊട്ട് ഞാൻ ട്രെയിനിങ്ങും എഴുത്തും ആലാപനവും സംഗീത സംവിധാനവും ആരംഭിച്ചു.