മമ്മൂട്ടി നായകനാകുന്ന തെലുങ്ക് ചിത്രം ‘യാത്ര’യുടെ ഇന്നലെ കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ വെച്ച് നടന്ന ട്രെയ്ലർ ലോഞ്ച് ചടങ്ങിൽ വെച്ചാണ് സംഭവം. യാഷ് ആയിരുന്നു മുഖ്യ അതിഥി. ‘സുഖമാണോ കൊച്ചി’ എന്ന് സംസാരിച്ചു തുടങ്ങിയ യാഷ് മലയാളത്തിൽ സംസാരിക്കാൻ താൻ പരമാവധി ശ്രമിച്ചെങ്കിലും മലയാളം ഇച്ചിരി പ്രയാസമാണെന്നും അഭിപ്രായപ്പെട്ടു. തുടർന്ന് മമ്മൂക്കയുടെ സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ ദി കിംഗിലെ കിടിലൻ സംഭാഷണവും പറഞ്ഞ് യാഷ് ആരാധകരുടെ കൈയ്യടി നേടി. മലയാളം പഠിക്കണമെങ്കിൽ സെൻസ് വേണം, സെൻസിബിലിറ്റി വേണം സെൻസിറ്റിവിറ്റി വേണം എന്നായിരുന്നു യാഷ് പറഞ്ഞത്. കൂടാതെ ‘ജോസഫ് അലക്സ്’ സ്റ്റൈലിൽ മുടി പുറകിലേക്ക് ഒരു തലോടലും..!
ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും എല്ലാ ജനങ്ങളും ഒരേപോലെ സ്നേഹിച്ചിരുന്ന വ്യക്തിയുമായ Dr വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിതം തിരശീലയിൽ എത്തുന്ന ചിത്രമാണ് ‘യാത്ര’. അദ്ദേഹത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി പദവിയിലേക്ക് എത്തിച്ച ഒരു വേനൽക്കാലത്തെ ഒരു കാൽനട യാത്രയാണ് ചിത്രത്തിന്റെ ആധാരം. രണ്ടു ദശാബ്ദങ്ങൾക്ക് ശേഷം തെലുങ്ക് സിനിമ ലോകത്തേക്ക് എത്തുന്ന മമ്മൂട്ടി അദ്ദേഹത്തിന്റെ കരിയറിൽ ആദ്യമായി അഭിനയിക്കുന്ന പൊളിറ്റിക്കൽ ഡ്രാമ കൂടിയാണ് യാത്ര. കൂടാതെ ആദ്യമായിട്ടാണ് അദ്ദേഹം ഒരു മുഖ്യമന്ത്രിയുടെ റോൾ ചെയ്യുന്നതും. നീണ്ട 30 വർഷങ്ങൾക്ക് ശേഷം സുഹാസിനിക്കൊപ്പം മമ്മൂട്ടി അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയും യാത്രക്കുണ്ട്. തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലായി ചിത്രം ഫെബ്രുവരി 8ന് തീയറ്ററുകളിൽ എത്തും. K R ഇൻഫോടൈന്മെന്റും ഗ്ലോബൽ യുണൈറ്റഡ് മീഡിയയും ചേർന്നാണ് യാത്ര കേരളത്തിലെ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത്.