തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ നിർമാതാവിന് എതിരെ നോട്ടീസ് അയച്ച് കന്നഡ താരം കിച്ച സുദീപ്. കരാർ ഒപ്പിട്ട ശേഷം കിച്ച സുദീപ് സിനിമയിൽ അഭിനയിച്ചില്ലെന്ന് ആയിരുന്നു ആരോപണം. അപകീര്‍ത്തിപരമായ പരാമര്‍ശം തനിക്കെതിരെ നടത്തിയ നിര്‍മ്മാതാവ് എം എന്‍ കുമാറിന് എതിരെയാണ് കിച്ച സുദീപ് നിയമപരമായി നീങ്ങിയത്. നിർമാതാവായ എം എൻ കുമാർ നടത്തിയ വാർത്താസമ്മേളനം തന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കി എന്ന് ആരോപിച്ചാണ് കിച്ച സുദീപ് നോട്ടീസ് അയച്ചിരിക്കുന്നത്.
ഈ മാസം അഞ്ചാം തീയതി ആണ് കന്നഡ സൂപ്പര്‍താരം കിച്ചാ സുദീപിനെതിരെ നിര്‍മ്മാതാവ് വാര്‍ത്താസമ്മേളനം നടത്തിയത്. ഏഴ് വർഷം മുമ്പ് തന്റെ ചിത്രത്തിൽ അഭിനയിക്കാനായി സുദീപ് കരാർ ഒപ്പിട്ടിരുന്നെന്നും അഡ്വാൻസ് തുക കൈപ്പറ്റിയെന്നും കുമാർ പറഞ്ഞു. ‘വിക്രാന്ത് റോണ’ എന്ന ചിത്രത്തിന് ശേഷം തന്റെ ചിത്രത്തിലായിരുന്നു അഭിനയിക്കേണ്ടിയിരുന്നതെന്നും എന്നാല്‍ സുദീപ് അതിന് തയ്യാറായില്ല എന്നും നിര്‍മ്മാതാവ് പറഞ്ഞു.
നിർമാതാവ് നടത്തിയ ഈ പരാമര്‍ശത്തിന് എതിരെയാണ് കിച്ച സുദീപ് ശനിയാഴ്ച നോട്ടീസ് അയച്ചത്. എം എന്‍ കുമാറിന് പുറമേ നിര്‍മാതാവ് എം എന്‍ സുരേഷിനും താരം നോട്ടീസ് അയച്ചിട്ടുണ്ട്. നിരുപാധിക മാപ്പും മാനനഷ്ടത്തിന് പത്തുകോടി രൂപ നഷ്ടപരിഹാരവും വേണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തേ കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് വഴി എം.എന്‍ കുമാര്‍ കിച്ച സുദീപിന് കത്ത് അയച്ചിരുന്നു. ഇതിന് മറുപടിയായി കഴിഞ്ഞ ജനുവരിയില്‍ സുദീപ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. കിച്ച സുദീപിന്റെ സുഹൃത്ത് ജാക്ക് മഞ്ജുനാഥ്, നിര്‍മ്മാതാവ് പറയുന്നത് കള്ളമാണെന്ന് പറഞ്ഞ് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.