പേടിക്കാൻ ഇഷ്ടമില്ലെങ്കിലും പേടിപ്പിക്കാൻ ഇഷ്ടമുള്ളവരാണ് മലയാളികൾ. ഇരുളിന്റെ അകത്തളങ്ങളിൽ കനത്ത കാൽചുവടുകളുമായെത്തുന്ന സായിപ്പിന്റെ പ്രേതവും രാത്രിയുടെ അന്ത്യയാമങ്ങളിൽ ചോര കുടിച്ച് ദാഹം ശമിപ്പിക്കാൻ എത്തുന്ന വടയക്ഷികളും മുതൽ മനസ്സിന്റെ അന്തരാളങ്ങളിൽ സ്വയമറിയാതെ ഉരുത്തിരിഞ്ഞ ബോധങ്ങളുടെ തീർത്ത ഭയവും വരെ അനുഭവിച്ചറിഞ്ഞിട്ടുള്ള മലയാളികളെ ഹൊറർ ആസ്വാദനത്തിന്റെ ഒരു പുതിയ വഴി തന്നെ തുറന്നിട്ടിരിക്കുകയാണ് സുഗീത് ഒരുക്കിയിരിക്കുന്ന കിനാവള്ളി എന്ന ചിത്രം. ‘Based on a Fake Story’ എന്ന് ആദ്യമേ പറഞ്ഞിട്ടുള്ളതിനാൽ ലോജിക് അന്വേഷിക്കുന്നത് വെറുതെയാണെന്ന് ഓർമിപ്പിക്കുന്നു. ഓർഡിനറി, മധുര നാരങ്ങ, ശിക്കാരി ശംഭു തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള സുഗീത് താരനിര കൊണ്ടും പ്രമേയം കൊണ്ടും തന്റെ കംഫർട്ട് സോണിൽ നിന്നും മാറിയ ഒരു ചിത്രമാണ് കിനാവള്ളി. തന്റെ കരിയറിലെ ആദ്യത്തെ ഫാന്റസി-ഹൊറർ ചിത്രത്തെ അതിന്റെ ഉന്നതിയിൽ എത്തിച്ചിരിക്കുകയാണ് അദ്ദേഹം.
വിവേക്, അജിത്, സ്വാതി, സുധീഷ്, ഗോപൻ എന്നിവർ ചെറുപ്പം മുതലേ ഉറ്റ സുഹൃത്തുക്കളാണ്. ആനുമായി ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചതിന് ശേഷം വിവേകിന് തന്റെ സുഹൃത്തുക്കളുമായി യാതൊരു സമ്പർക്കവുമുണ്ടായിരുന്നില്ല. അപ്പോഴാണ് അവരുടെ വെഡിങ് ആനിവേഴ്സറിയിൽ പങ്കെടുക്കുവാൻ സുഹൃത്തുക്കൾക്ക് ആനിന്റെ വോയ്സ് മെയിൽ ലഭിക്കുന്നത്. അവരുടെ പുതിയ ബംഗ്ലാവിലേക്കാണ് ക്ഷണിച്ചിരിക്കുന്നത്. ഓരോ കോണിലും ഭയമൊളിച്ചിരിക്കുന്ന ആ ബംഗ്ളാവിലേക്ക് എല്ലാവരും എത്തുന്നു. പിന്നീട് നടക്കുന്ന പല സംഭവങ്ങളുമാണ് ഹാസ്യത്തിന്റെ മേമ്പൊടിയും ഭയത്തിന്റെ അഴകും ചേർത്ത് അവതരിപ്പിച്ചിരിക്കുന്നത്.
പൂർണമായും പുതുമുഖങ്ങൾ തന്നെയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. അജ്മൽ, സൗമ്യ, കൃഷ്, സുരഭി തുടങ്ങിയ പുതുമുഖങ്ങൾ അണിനിരന്ന ചിത്രത്തിൽ ഏറ്റവും കൂടുതൽ കൈയ്യടികൾ നേടിയത് വിജയ് ജോണിയും സുജിത് രാജുമാണ്. അവരുടെ അപാരമായ ടൈമിങ്ങും അഭിനയവും അവർക്ക് മലയാള സിനിമയിൽ കൂടുതൽ ഉയരങ്ങൾ തേടിപിടിക്കുവാനുള്ളതാണെന്ന് വ്യക്തമാക്കുന്നു. കുഞ്ചാക്കോ ബോബൻ ചിത്രം കുട്ടനാടൻ മാർപാപ്പയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന സുരഭിയാണ് ആനായി എത്തുന്നത്. കോമഡിയും ഹൊററും ഒരേപോലെ മനോഹരമാക്കിയ എല്ലാവരും തീർച്ചയായും മലയാള സിനിമയുടെ ഭാവി വാഗ്ദാനങ്ങൾ തന്നെയാണ്. ഇന്ന് മലയാളസിനിമയിൽ കോമഡി ചെയ്യുന്നവരിൽ മികച്ച് നിൽക്കുന്ന ഹരീഷ് കണാരനും പൊട്ടിച്ചിരിപ്പിച്ച് ചിത്രത്തിൽ മികച്ചൊരു പ്രകടനം കാഴ്ച വെക്കുന്നു.
ചിരിച്ച് കൊണ്ട് പേടിപ്പിക്കുവാൻ കിനാവള്ളിക്ക് ഏറ്റവുമധികം ശക്തി പകർന്നത് ചിത്രത്തിന്റെ തിരക്കഥ തന്നെയാണ്. ശ്യാം ശീതളിനും വിഷ്ണു രാമചന്ദ്രനും അഭിനന്ദനങ്ങൾ. ഇനിയും മലയാള സിനിമ നിങ്ങളിൽ നിന്നും ഏറെ പ്രതീക്ഷിക്കുന്നുണ്ട്. വിവേക് മേനോന്റെ ക്യാമറ കണ്ണുകളും ആ ആസ്വാദനത്തെ വേറെ ഉയരങ്ങളിൽ എത്തിച്ചു. ശാശ്വത്, ശ്രീസായി സുരേന്ദ്രൻ, മംഗൾ സുവർണൻ എന്നിവരുടെ സംഗീതവും നവീൻ പി വിജയന്റെ എഡിറ്റിങ്ങും കൂടിയായപ്പോൾ കിനാവള്ളി രസകരമായി തീർന്നു. കള്ളക്കഥകളിൽ മെനഞ്ഞെടുത്ത കിടിലൻ ചിരികൾ നിറഞ്ഞ കിനാവള്ളി നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടുമെന്ന് ഉറപ്പ്.