ഇത്തവണ ഓണം തിയറ്ററുകളിൽ പൂരപ്പറമ്പാകും. ആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം റാം, ദുൽഖർ സൽമാൻ നായകനായി എത്തുന്ന കിംഗ് ഓഫ് കൊത്ത എന്നീ ചിത്രങ്ങളാണ് ഇത്തവണത്തെ പ്രധാന ഓണം റിലീസുകൾ. ഓണം റിലീസ് ആയി എത്തുന്ന ഈ ചിത്രങ്ങൾ ഇരു താരങ്ങളുടെയും ആരാധകർക്കുള്ള ഓണം സമ്മാനം ആയിരിക്കും.
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം സിനിമ രണ്ടു ഭാഗങ്ങളിയാലാണ് റിലീസ് ചെയ്യുക. ചിത്രത്തിന്റെ ഒന്നാം ഭാഗം ഓണത്തിന് റിലീസ് ആകും. അതേസമയം, ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങൾ ആമസോൺ പ്രൈം സ്വന്തമാക്കി. റെക്കോഡ് തുകയ്ക്കാണ് ചിത്രം ഒടിടി പ്ലാറ്റ് ഫോം ആയ ആമസോൺ പ്രൈം സ്വന്തമാക്കിയത്.തൃഷ നായികയായി എത്തുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ എറണാകുളം, ധനുഷ്കോടി, ഡല്‍ഹി, ഉസ്ബെക്കിസ്ഥാൻ, കെയ്റോ, ലണ്ടൻ എന്നിവിടങ്ങളാണ്.
പ്രശസ്ത സംവിധായകനായ ജോഷിയുടെ മകന് അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ദുല്‍ഖറിനൊപ്പം വന്‍ താര നിരയാണ് അണിനിരക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിര്‍മ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ഓണം റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. മാസ്സ് ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി രാജശേഖറാണ്. ജേക്സ് ബിജോയും ഷാന്‍ റഹ്മാനും ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. ഛായാഗ്രഹണം- നിമീഷ് രവി, സ്ക്രിപ്റ്റ്- അഭിലാഷ് എന്‍ ചന്ദ്രന്, എഡിറ്റര്‍- ശ്യാം ശശിധരന്, മേക്കപ്പ്- റോണെക്സ് സേവിയര്‍, വസ്ത്രാലങ്കാരം- പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍- ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ദീപക് പരമേശ്വരന്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- അനൂപ് സുന്ദരന്‍, വിഷ്ണു സുഗുതന്, പിആര്‍ഒ- പ്രതീക്ഷ് ശേഖര്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.