റിലീസിന് മുമ്പേ ചർച്ചയായി മാറിയ ചിത്രം റിലീസിന് ശേഷവും തിയറ്ററുകളിൽ തരംഗമായി പ്രദർശനം തുടരുന്നു. പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രം കിംഗ് ഓഫ് കൊത്ത രണ്ടാം വാരത്തിലും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഓഗസ്റ്റ് 24ന് റിലീസ് ആയ ചിത്രം ഒന്നാം വാരം പിന്നിടുമ്പോൾ ആഗോളതലത്തിൽ മികച്ച കളക്ഷനാണ് നേടിയിരിക്കുന്നത്. പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.
ആദ്യവാരം ചിത്രം കേരളത്തിൽ നിന്ന് 14.5 കോടി രൂപയിലേറെയാണ് കളക്ഷൻ നേടിയത്. സിനിമയുമായി ബന്ധപ്പെട്ടവരാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ 14.5 കോടി രൂപയ്ക്ക് മുകളിൽ നേടിയപ്പോൾ മറ്റ് സംസ്ഥാനങ്ങളിലെ കളക്ഷൻ 7 കോടിക്ക് മുകളിലാണ്. വിദേശ മാർക്കറ്റുകളിൽ നിന്ന് 15 കോടിയാണ് ചിത്രം നേടിയത്. ഇങ്ങനെ, ആകെ ആദ്യവാരം കഴിയുമ്പോൾ കിംഗ് ഓഫ് കൊത്തയുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 36 കോടിയിലേറെ രൂപയാണ്. രണ്ടാം വാരത്തിലേക്ക് എത്തിയ ചിത്രം കേരളത്തിലെ ഇരുന്നൂറിലധികം തിയറ്ററുകളിലാണ് നിലവിൽ പ്രദർശിപ്പിക്കുന്നത്.
കൊത്ത എന്ന സാങ്കൽപ്പിക ഗ്രാമത്തിലെ രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ രണ്ടു ഗെറ്റപ്പുകളിലുള്ള മിന്നുന്ന പ്രകടനം വ്യക്തമാണ്. ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ്, ഐശ്വര്യ ലക്ഷ്മി, നൈലാ ഉഷ, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ,അനിഖ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസുമാണ് ചിത്രം നിർമ്മിക്കുന്നത്. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.