കിംഗ്ഫിഷർ കലണ്ടർ എന്നും ശ്രദ്ധ നേടുന്നത് സ്വിംസ്യൂട്ട് ഫോട്ടോഷൂട്ട് കൊണ്ടും കണ്ണിന് കുളിർമയേകുന്ന ഭൂപ്രകൃതിയുടെ കാഴ്ചകൾ കൊണ്ടുമാണ്. 2003 മുതൽ യുണൈറ്റഡ് ബ്രെവെറിസ് ഗ്രൂപ്പ് ഓഫ് ഇന്ത്യയാണ് ഈ കലണ്ടർ പുറത്തിറക്കുന്നത്. കത്രീന കൈഫ്, ദീപിക പദുകോൺ, യാന ഗുപ്ത, സൊനാലി രാജ്, ഉജ്ജ്വല റൗട്ട്, നർഗീസ് ഫക്രി, ബ്രൂണ അബ്ദുല്ല, ലിസ ഹൈഡൻ എന്നിങ്ങനെ നിരവധി നടിമാർ കിംഗ് ഫിഷർ കലണ്ടർ ഗേൾസായി തിളങ്ങിയിട്ടുള്ളവരാണ്. നിവിൻ പോളിയുടെ മൂത്തോനിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ശോഭിത ധുലിപാലയും ഈ ഷൂട്ടിന്റെ ഭാഗമായിട്ടുള്ള നടിയാണ്. ദുൽഖർ സൽമാൻ ചിത്രം കുറുപ്പിലും ശോഭിത അഭിനയിക്കുന്നുണ്ട്. കേരളത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ ഷൂട്ട് നടത്തിയത്. ആദ്യ എഡിഷൻ മുതലേ അതുൽ കസ്ബെക്കറാണ് എല്ലാ ചിത്രങ്ങളും പകർത്തിയിരിക്കുന്നത്. 2020ൽ സൗത്ത് ആഫ്രിക്കയായിരുന്നു ഷൂട്ടിന്റെ ലൊക്കേഷൻ. കേരളത്തിലെ ഷൂട്ടിനെ കുറിച്ച് ഇപ്പോൾ മനസ്സ് തുറന്നിരിക്കുകയാണ് ഫോട്ടോഗ്രാഫർ.
കലണ്ടർ ഷൂട്ടിന്റെ പത്തൊൻപതാം എഡിഷന് വേണ്ടി നാട്ടിലേക്ക് തന്നെ തിരിച്ചെത്തണം എന്നൊരു ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ ഏറെ ആരാധനയോടെ മാത്രം നോക്കിക്കണ്ടിട്ടുള്ള കേരളത്തിലേക്ക് എത്തിയത്. ഒരു പ്രൊഫഷണൽ എന്ന നിലയിൽ ആദ്യമായിട്ടാണ് ഞാൻ കേരളത്തിലെത്തിയത്. എങ്കിലും ഒരു കാര്യം ഉറപ്പിച്ച് പറയാം.. ഇവിടെ കിട്ടിയ അനുഭവം പകരം വെക്കാനാവാത്തതാണ്. ഈ ഷൂട്ട് ദൈവത്തിന്റെ സ്വന്തം നാടിന്റെ കൊതിപ്പിക്കുന്ന പച്ചപ്പും മനോഹരമായ ജലവിതാനങ്ങളും താണ്ടിയുള്ള ദൃശ്യസുന്ദരമായ യാത്രയായിരുന്നു.