ബി ഉണ്ണികൃഷ്ണൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളി ഒരു ത്രില്ലർ ചിത്രമാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ ആ പേരിനൊപ്പം ജനപ്രിയനായകൻ ദിലീപിന്റെ പേര് കൂടി ചേർന്നപ്പോൾ ഒരു പക്കാ എന്റർടൈനർ തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിച്ചതും കോടതിസമക്ഷം ബാലൻ വക്കീലിലൂടെ പ്രേക്ഷകർക്ക് കിട്ടിയതും. ദിലീപിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിച്ച കോമഡിയും ബി ഉണ്ണികൃഷ്ണനിൽ നിന്നും പ്രതീക്ഷിച്ച ത്രില്ലിങ്ങും കൂടി ചേർന്നപ്പോൾ നല്ലൊരു വിരുന്ന് തന്നെയായിരിക്കുകയാണ് ചിത്രം. കോമഡി, സസ്പെൻസ്, ത്രില്ലർ, ആക്ഷൻ എന്നിങ്ങനെ പ്രേക്ഷകന് ഒരു തികഞ്ഞ വിരുന്ന് സമ്മാനിച്ച ചിത്രം ബി ഉണ്ണികൃഷ്ണന് കോമഡിയും നന്നായിട്ട് വഴങ്ങുമെന്ന് തെളിയിച്ചിട്ടുണ്ട്.
വക്കീലും വിക്കും തമ്മിൽ ഒരിക്കലും ഒത്തു പോകില്ലെന്ന് അറിയാവുന്നവരാണ് നാം ഓരോരുത്തരും. വിക്കൻ വക്കീൽ എന്ന ഒരു പേര് തന്നെ ഏറെ ചിരി നിറക്കുന്നതാണ്. ബാലകൃഷ്ണൻ എന്ന ബാലൻ വക്കീലും അത്തരത്തിൽ വിക്കുള്ള ഒരാളാണ്. മറ്റുള്ളവരുടെ മുന്നിൽ പരിഹാസപാത്രമാകുന്ന, പക്ഷേ എല്ലാ കഴിവുകളുമുള്ള ഒരുവൻ. ഇപ്പോഴും ജൂനിയറായി വർക്ക് ചെയ്യുന്ന ബാലൻ വക്കീലിന്റെ ജീവിതത്തിലേക്ക് അനുരാധ എന്ന പെൺകുട്ടി അപ്രതീക്ഷിതമായി കടന്ന് വരുന്നു. ലോകത്തോൽവി സ്വന്തം അച്ഛൻ തന്നെ വിശേഷിപ്പിക്കുന്ന ബാലൻ വക്കീലിന്റെ ജീവിതം അതോടെ കൂടുതൽ സങ്കീർണമാകുന്നു. പക്ഷേ തനിക്ക് കിട്ടിയത് ഒരു അവസരമാണെന്ന് തിരിച്ചറിയുന്ന ബാലൻ വക്കീൽ പിന്നീട് ഓരോ ഊരാകുടുക്കുകൾ മനോഹരമായി അഴിച്ചെടുക്കുന്നതാണ് കോടതി സമക്ഷം ബാലൻ വക്കീലിന്റെ ഇതിവൃത്തം. ദിലീപിൽ നിന്നും പ്രേക്ഷകർ കാണാൻ കൊതിക്കുന്ന കോമഡിയും മികച്ചൊരു പ്രകടനവുമാണ് ബാലൻ വക്കീലിലൂടെ ലഭിച്ചിരിക്കുന്നത്. കോമഡിക്കൊപ്പം ആക്ഷനും മനോഹരമായി തന്നെ ദിലീപ് കൈകാര്യം ചെയ്തിട്ടുണ്ട്. ശാരീരികമായി കുറവുകൾ ഉള്ള കഥാപാത്രങ്ങളെ അഭിനയിച്ചു ഫലിപ്പിക്കുന്നതിൽ ദിലീപിനുള്ള അസാമാന്യ വൈഭവം കുഞ്ഞിക്കൂനൻ, സൗണ്ട് തോമ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് അനുഭവവേദ്യമാണ്. തന്റെ വിക്കൻ വക്കീലിന്റെ റോളിലൂടെ ആ നിരയിലേക്ക് പുതിയൊരു സംഭാവന കൂടി നൽകിയിരിക്കുകയാണ് ദിലീപ്.
ദിലീപ് – മംമ്ത സൂപ്പർഹിറ്റ് ജോഡി വീണ്ടും ഒന്നിച്ചത് തന്നെയാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. മൈ ബോസ്, 2 കണ്ട്രീസ് തുടങ്ങിയ ചിത്രങ്ങളിലെ അത്രയും പ്രാധാന്യം ഇല്ലാതിരുന്നിട്ടും തന്റെ ഭാഗം വളരെ മനോഹരമായിട്ട് തന്നെ മംമ്ത ചെയ്തിട്ടുണ്ട്. കൗണ്ടർ അറ്റാക്കുമായി ദിലീപിനൊപ്പം നിറഞ്ഞ് നിൽക്കുകയാണ് മംമ്ത. അതുപോലെ തന്നെ കൈയ്യടി നേടുന്ന രണ്ടു പേരാണ് സിദ്ധിഖിക്കയും അജു വർഗീസും. സിദ്ധിഖിന്റെ ന്യൂ ജനറേഷൻ ഡാഡിന് നിറഞ്ഞ കൈയ്യടികളാണ് പ്രേക്ഷകർ നൽകിയിരിക്കുന്നത്. അതോടൊപ്പം തന്നെ അജു വർഗീസ് തുടക്കം മുതൽ ഒടുക്കം വരെ ദിലീപിനൊപ്പം പൊട്ടിച്ചിരിപ്പിച്ച് കൂടെ നിൽക്കുന്നുണ്ട്. ഫോൺ തട്ടിപ്പറിച്ച് കൊണ്ടുള്ള ഓട്ടമെല്ലാം ഏറെ പൊട്ടിച്ചിരികളും സമ്മാനിച്ചു. കുറെ കാലമായി കാണാൻ സാധിക്കാതിരുന്ന സുരാജിന്റെ തനത് ഭാവങ്ങളും ഏറെ പൊട്ടിച്ചിരികളോടെ പ്രേക്ഷകർക്ക് സമ്മാനിക്കുവാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. ഗണേഷ്, സൈജു കുറുപ്പ്, രഞ്ജി പണിക്കർ, ഭീമൻ രഘു, ബിന്ദു പണിക്കർ, പ്രിയ ആനന്ദ് എന്നിവരും അവരുടെ ഭാഗങ്ങൾ ഏറെ മനോഹരമാക്കി.
പ്രേക്ഷകരെ പിടിച്ചിരുത്താൻ തക്ക കോമഡിയും ആക്ഷനും ത്രില്ലും സസ്പെൻസും എല്ലാം നിറച്ച് നല്ലൊരു തിരക്കഥ തന്നെയാണ് സംവിധായകൻ കൂടിയായ ബി ഉണ്ണികൃഷ്ണൻ ഒരുക്കിയിരിക്കുന്നത്. ഗോപി സുന്ദർ, രാഹുൽ രാജ് എന്നീ സംഗീത സംവിധായകരുടെ പിന്തുണ കൂടിയായപ്പോൾ ബാലൻ വക്കീൽ പ്രേക്ഷകരുടെ പ്രിയങ്കരനായി തീർന്നു. അഖിൽ ജോർജിന്റെ ക്യാമറ വർക്ക്, പ്രത്യേകിച്ച് തേൻ പനിമതിയെ എന്ന ഗാനം, ഏറെ പ്രശംസ അർഹിക്കുന്നു. പ്രേക്ഷകന്റെ ആസ്വാദനത്തെ ഏറെ മനോഹരമാക്കുവാൻ ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗും വളരെയേറെ സഹായകമായിട്ടുണ്ട്. കുടുംബപ്രേക്ഷകർക്കും കുട്ടികൾക്കും യുവാക്കൾക്കും എല്ലാമുള്ള ഒരു കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് തന്നെയാണ് കോടതിസമക്ഷം ബാലൻപിള്ള. മനസ്സ് നിറഞ്ഞ ചിരികളും ആവേശവും ആകാംക്ഷയും നിറയുന്നൊരു ത്രില്ലിംഗ് അനുഭവവും ഒന്നിച്ചു കിട്ടുന്നൊരു പക്കാ എന്റർടൈനർ.