മിമിക്രി കലാകാരനായി തുടങ്ങി നടനായി വളർന്ന് മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമായിരുന്നു കൊല്ലം സുധി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് കലാസ്നേഹികളായ മലയാളികൾ. സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ താരത്തെ ഉടനെ തന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വെച്ച് പുലർച്ചെ നാലരയോടെ ആയിരുന്നു അപകടം. നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിനിസ്ക്രീനിലൂടെ നിരവധി ആരാധകരെയാണ് സുധി സ്വന്തമാക്കിയത്. ഫ്ലവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന പരിപാടിയിലെ സ്ഥിരം സാന്നിധ്യമാണ്. പരിപാടിയിൽ ഒരിക്കൽ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സുധി തുറന്നു പറഞ്ഞിരുന്നു. ഈ പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
സുധിയുടെ ഭാര്യയുടെ പേര് രേണുവെന്നാണ്. രേണു സുധിയുടെ രണ്ടാമത്തെ ഭാര്യയാണ്. വാവക്കുട്ടൻ എന്നാണ് സുധി രേണുവിനെ വിളിക്കുന്നത്. സുധിയുടെ ആദ്യവിവാഹം പ്രണയവിവാഹം ആയിരുന്നു. എന്നാൽ മകൻ ജനിച്ചപ്പോൾ ഭാര്യ മകനെ സുധിയെ ഏൽപ്പിച്ച് മറ്റൊരാൾക്ക് ഒപ്പം പോകുകയായിരുന്നു. പിന്നീട് ഈ സ്ത്രീ ജീവനൊടുക്കുകയും ചെയ്തു. ആ സംഭവം നടന്ന് വർഷങ്ങൾക്ക് ശേഷമാണ് രേണുവിനെ പരിചയപ്പെടുന്നതും വിവാഹിതരാകുന്നതും. തന്റെ മകൻ രാഹുലിനെ സ്വന്തം മകനെ പോലെയാണ് രേണു നോക്കുന്നതെന്നും തന്റെ മൂത്ത മകനാണ് രാഹുലെന്നാണ് രേണു പറയുന്നതെന്നും സുധി പറഞ്ഞിരുന്നു.
സുധിയുമായുള്ള പ്രണയത്തെക്കുറിച്ച് വീട്ടിൽ അറിഞ്ഞപ്പോൾ തുടക്കത്തിൽ എതിർപ്പുകളൊക്കെ ഉണ്ടായിരുന്നു. എത്ര വലിയ ആർടിസ്റ്റാണെന്ന് പറഞ്ഞാലും വിവാഹം കഴിഞ്ഞതല്ലേ, ഒരു മോനില്ലേയെന്നൊക്കെ പറഞ്ഞ് വഴക്കുണ്ടാക്കിയിരുന്നു. പിന്നെ എല്ലാവരും സമ്മതിക്കുകയായിരുന്നുവെന്നും രേണു പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ ഈവീഡിയോകൾ ഇപ്പോൾ വൈറലാണ്.