മലയാളികളുടെ മനസ്സ് കീഴടക്കിയ ഒരു ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. ക്യാമറയില്‍ പകര്‍ത്താന്‍ കഴിയാത്ത വിഷ്വലുകള്‍ വി.എഫ്.എക്സിന്റെ സഹായത്തോടെ പൂര്‍ത്തിയാക്കുന്നത് ഇന്നു സർവ്വസാധാരണമാണ്. എന്നാല്‍ കുമ്പളങ്ങി നൈറ്റ്സില്‍ ഇത്രയേറെ ഗ്രാഫിക്സ് ഉപയോഗിച്ചിട്ടുണ്ടാകുമെന്ന് വി.എഫ്.എക്സ് ബ്രേക്ക് ഡൗണ്‍ പുറത്തായപ്പോഴാണ് പ്രേക്ഷകന് മനസ്സിലായത്. കാരണം അത്രയേറെ കിടിലൻ വർക്കാണ് ചിത്രത്തിൽ ചെയ്തിരിക്കുന്നത്.
കുമ്പളങ്ങിയുടെ വി.എഫ്.എക്സ് ഡിപാര്‍ട്ട്മെന്റ് കൈകാര്യം ചെയ്തിരിക്കുന്നത് മൈന്‍ഡ്സ്റ്റീന്‍ സ്റ്റുഡിയോസാണ്. കടലില്‍ കവര കയറുന്നതു മുതല്‍ ഷമ്മി ചുറ്റിക എറിയുന്നതു വരെ വളരെ പെര്‍ഫക്ടായി ഗ്രാഫിക്സിന്റെ സഹായത്തോടെയാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. ഫഹദ് ഫാസിലും, ദിലീഷ് പോത്തനും ചേർന്ന് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മധു സി നാരായണനാണ്. ശ്യാം പുഷ്കരന്റെ തിരക്കഥയും ഷൈജു ഖാലിദിന്റെ ചായാഗ്രഹണവും സുഷിൻ ശ്യാമിന്റെ സംഗീതവും ചിത്രത്തെ ഏറെ ശ്രദ്ധേയമാക്കി.