രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുറ്റവും ശിക്ഷയും. ആസിഫ് അലി നായകനായ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. കാസര്‍ഗോഡ് നടന്ന കുപ്രസിദ്ധമായ ഒരു കവര്‍ച്ചയും തുടരന്വേഷണവുമാണ് പൊലീസ് ത്രില്ലറായ ചിത്രത്തിന്റെ പ്രമേയം. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സിബി തോമസിന്റേതാണ് കഥ. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബിതോമസും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സിബി തോമസിന്റെ നേതൃത്വത്തിലുള്ള അഞ്ചു പോലീസ് ഉദ്യോഗസ്ഥർ ഒരു ജ്വല്ലറി മോഷണത്തെ തുടർന്ന് കേസിന്റെ അന്വേഷണത്തിനായി വടക്കേന്ത്യയിലേക്ക് യാത്രയാവുകയും അവിടെ ജീവന് പണയപ്പെടുത്തി കുറ്റവാളികളെ പിടികൂടാനുള്ള ശ്രമങ്ങളുമാണ് സിനിമ. മുൻപ് സിബി തോമസ് ഈ കഥ സഫാരി ചാനലിൽ പങ്കു വയ്ക്കുകയും അത് വളരെയധികം ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു.
ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുൺ കുമാർ വി ആർ നിർമിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയെ കൂടാതെ സണ്ണി വെയ്ൻ, ഷറഫുദ്ധീൻ, അലൻസിയർ ലോപ്പസ്, സെന്തിൽ കൃഷ്ണ, ശ്രിന്ദ, ദിനേശ് പ്രധാൻ, ദേശ്രാജ് ഗുർജാർ, ബോബി, പൂജ ഗുർജാർ, മഹേശ്വരി ശെഖാവത്ത്, സഞ്ജയ് വിദ്രോഹി, മനോ ജോസ്, മധുസൂദനൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഡോൺ വിൻസെന്റാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അജിത്കുമാർ ബി എഡിറ്റിംഗും സുരേഷ് രാജൻ ഛായാഗ്രാഹണവും നിർവഹിക്കുന്നു.
ചിത്രത്തിലുടനീളം രണ്ട് വിവിധ സംസ്കാരങ്ങൾ നിശബ്ദകഥാപാത്രങ്ങളായുണ്ട്. കേരളത്തിന്റെ പച്ചപ്പിൽ നിന്നും വടക്കേന്ത്യയിലെ ഊഷരതയിലേക്കാണ് ‘കുറ്റവും ശിക്ഷയും’ പ്രേക്ഷകരെ എത്തിക്കുന്നത്. കുറ്റവും ശിക്ഷയും ഓരോ വ്യക്തിയുടെയും കാഴ്ചപ്പാടിലൂടെ എങ്ങിനെ വിശദീകരിക്കപ്പെടുന്നുവെന്ന് രാജീവ് രവിയുടെ സംവിധാനമികവിലൂടെ പ്രേക്ഷകരിലെത്തുന്നു. മലയാള പോലീസ് ചിത്രങ്ങളിൽ ഏറ്റവുമധികം യാഥാർഥ്യത്തോടടുത്തു നിൽക്കുന്ന ചിത്രമായാണ് ‘കുറ്റവും ശിക്ഷയും’ കാത്തിരിക്കപ്പെടുന്നത്.