മികച്ച മലയാളചിത്രത്തിനുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരം അനഘ നാരായണൻ നായികയായി എത്തുന്നു. ‘ഡിയർ വാപ്പി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നടനും സംവിധായകനുമായ ലാലും ഉണ്ട്. ചിത്രത്തിൽ അച്ഛൻ – മകൾ വേഷങ്ങളിലാണ് ലാലും അനഘ നാരായണനും എത്തുന്നത്. ഷാൻ തുളസീധരൻ ആണ് ഡിയർ വാപ്പിയുടെ സംവിധായകൻ. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. ഷാൻ തുളസീധരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. സെപ്റ്റംബർ പത്തിന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. തലശ്ശേരി, മാഹി, മൈസൂർ, മുംബൈ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷൻ.
ക്രൗൺ ഫിലിംസ് ആണ് ചിത്രത്തിന്റെ നിർമാണം. നിരഞ്ജ് മണിയൻപിള്ള രാജു, വെയിൽ ഫെയിം ശ്രീരേഖ, ശശി എരഞ്ഞിക്കൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരുപാട് ആഗ്രഹങ്ങളുള്ള തയ്യൽക്കാരനായ പിതാവ് ബഷീറിനെയും അദ്ദേഹത്തിന്റെ മകൾ മോഡലായ ആമിറയുടെയും കഥയാണ് ഡിയർ വാപ്പി എന്ന സിനിമയിലൂടെ പറയുന്നത്.
കൈലാസ് മേനോൻ ആണ് ചിത്രത്തിന്റെ സംഗീതം. പാണ്ടികുമാർ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിംഗും നിർവഹിക്കുന്നു. എം ആർ രാജാകൃഷ്ണൻ ശബ്ദമിശ്രണവും അജയ് മങ്ങാട് കലാസംവിധാനവും നിർവഹിക്കുന്നു. ബി കെ ഹരിനാരായണൻ, മനു മഞ്ജിത് എന്നിവരാണ് വരികൾ രചിക്കുന്നത്.