ബോളിവുഡ് താരം ആമിർ ഖാൻ നായകനായി എത്തിയ ചിത്രം ലാൽ സിങ് ഛദ്ദ വലിയ പ്രതീക്ഷയോടെ ആയിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. എന്നാൽ വിചാരിച്ച വിജയം നേടാൻ ചിത്രത്തിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല ഭയപ്പെട്ടതു പോലെയുള്ള വീഴ്ച ചിത്രത്തെ തേടിയെത്തുകയും ചെയ്തു. ഓഗസ്റ്റ് 11ന് റിലീസ് ചെയ്ത ചിത്രത്തിന് ഒരാഴ്ച പിന്നിട്ടപ്പോൾ 48 കോടി രൂപ മാത്രമാണ് നേടാൻ കഴിഞ്ഞത്. ആമിറിന്റേതായി ഇതിനു മുമ്പ് ഇറങ്ങിയ തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ ആദ്യദിനം തന്നെ അമ്പത് കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. എന്നാൽ, പിന്നീട് ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ വീഴ്ച നേരിടേണ്ടി വന്നു.
ലാൽ സിങ് ഛദ്ദ ചിത്രത്തിന് ആദ്യദിനം പത്തുകോടി ആയിരുന്നു നേടാൻ കഴിഞ്ഞത്. 185 കോടി മുടക്കിയ ലാൽ സിങ് ഛദ്ദയ്ക്ക് രണ്ടാം ദിനം ആദ്യ ദിനത്തേക്കാൾ 40 ശതമാനം വരുമാനം ഇടിഞ്ഞു. ബോളിവുഡിൽ തുടർച്ചയായി സൂപ്പർതാര ചിത്രങ്ങൾ പരാജയം നേരിട്ടു കൊണ്ടിരിക്കുകയാണ്. ബച്ചൻ പാണ്ഡെ, പൃഥ്വിരാജ് എന്നിവയുടെ പരാജയത്തിനു ശേഷം എത്തിയ അക്ഷയ് കുമാർ ചിത്രം രക്ഷാബന്ധനും ബോക്സ് ഓഫീസിൽ വീണിരുന്നു.
തുടർച്ചയായ രണ്ടാം ചിത്രവും പരാജയപ്പെടുന്നതിന്റെ വിഷമത്തിലാണ് ആമിർ ഖാൻ. വെള്ളിയാഴ്ച ഇന്ത്യയിൽ ആമിർ ചിത്രത്തിന്റെ 1300 ഷോകൾ റദ്ദാക്കിയിരുന്നു. ഈ നിലയിൽ ആണെങ്കിൽ 75 കോടിക്കു മുകളിൽ കളക്ഷൻ ഉണ്ടാക്കാൻ ചിത്രത്തിന് കഴിയില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. ചിത്രം കൂടുതലായും സ്വാധീനിച്ചത് പ്രീമിയം മൾട്ടിപ്ലക്സ് ഓഡിയൻസിനെ ആണെന്നും പാൻ ഇന്ത്യൻ ഓഡിയൻസിനു വേണ്ട ഘടകങ്ങൾ സിനിമയിൽ ഇല്ലെന്നും ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് പറഞ്ഞു.