മുൻ വിശ്വസുന്ദരി സുസ്മിത സെന്നും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സ്ഥാപകൻ ലളിത് മോദിയും വിവാഹിതരാകാൻ പോകുന്നുവെന്ന് റിപ്പോർട്ട്. ലളിത് മോദി തന്നെയാണ് തന്റെ ട്വിറ്ററിലൂടെ സുസ്മിതയുമായുള്ള ബന്ധം വെളിപ്പെടുത്തിയത്. ഇരുവരും മാലിദ്വീപിൽ ഒഴിവുകാലം ഒരുമിച്ച് ചിലവഴിച്ചതിന്റെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് ലളിത് മോദി ‘പുതിയ ജീവിതം, പുതിയ തുടക്കം’ എന്ന കുറിച്ചത്. വിവാഹിതരായിട്ടില്ലെന്നും ഇപ്പോൾ ഡേറ്റിംഗിലാണെന്നും വിവാഹം ഒരു ദിവസം ഉണ്ടായേക്കാമെന്നും ലളിത് മോദി ട്വീറ്റിൽ വ്യക്തമാക്കുന്നു.
മാലിദ്വീപിലും സാർഡിനിയയിലും കുടുംബത്തോടൊപ്പം ചെലവഴിച്ച ദിവസങ്ങളുടെ ചിത്രങ്ങളാണ് ട്വിറ്ററിൽ ലളിത് മോദി പങ്കുവെച്ചത്. സുസ്മിത സെന്നിനെ ബെറ്റർ ഹാഫ് എന്നാണ് ഈ ട്വീറ്റിൽ ലളിത് മോദി വിശേഷിപ്പിക്കുന്നത്. ലണ്ടനിൽ തിരിച്ചെത്തിയ ശേഷമാണ് കുറിപ്പെന്ന് വ്യക്തമാക്കിയ ശേഷം ഇത് പുതിയ ജീവിതമാണെന്നും പുതിയ തുടക്കമാണെന്നും ലളിത് മോദി കുറിച്ചു. ലളിത് മോദിയുടെ ട്വീറ്റിനു താഴെ നടുക്കം രേഖപ്പെടുത്തിയിരിക്കുകയാണ് സുസ്മിതയുടെ ആരാധകർ.
2008ൽ ആരംഭിച്ച ഐപിഎൽ ക്രിക്കറ്റ് ടൂർണമെന്റിന്റെ സ്ഥാപകനും ആദ്യ ചെയർമാനും കമ്മിഷനറുമായിരുന്നു ബിസിനസ് സാമ്രാജ്യത്തിന് ഉടമയായ ലളിത് മോദി. 2008 മുതൽ 2010 വരെ ഐ പി എൽ ടൂർണമെന്റിന്റെ നടത്തിപ്പുക്കാരനായിരുന്ന ലളിത് മോദിക്ക് പിന്നീടുണ്ടായ വമ്പൻ അഴിമതിയുമായി ബന്ധപ്പെട്ട് സ്ഥാനം നഷ്ടമാകുകയായിരുന്നു. ഇന്ത്യയിൽ നിന്ന് പലായനം ചെയ്ത ലളിത് മോദി ഇപ്പോൾ യുകെയിലാണ് താമസിക്കുന്നത്. 1994ൽ മിസ് യൂണിവേഴ്സ് ആയ സുസ്മിത സെൻ നിരവധി ബോളിവുഡ് സിനിമകളുടെ ഭാഗമായി. ലളിത് മോദി സുസ്മിത സെന്നിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചെങ്കിലും സുസ്മിത ഇരുവരും ഒരുമിച്ചുള്ള ഒരു ചിത്രം പോലും ഇതുവരെ പങ്കുവെച്ചിട്ടില്ല. സാർഡിനിയയിൽ നിന്നുള്ള സുസ്മിതയുടെ ചിത്രങ്ങൾ മാത്രമാണ് അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. മാത്രവുമല്ല, ലളിത് മോദി സുസ്മിത സെന്നിനെ ടാഗ് ചെയ്തപ്പോഴും തെറ്റി. സുസ്മിതയുടെ ഒറിജിനൽ അക്കൗണ്ടിന് പകരം മറ്റൊരു അക്കൗണ്ട് ആണ് ലളിത് മോദി ടാഗ് ചെയ്തത്.
Just back in london after a whirling global tour #maldives # sardinia with the families – not to mention my #betterhalf @sushmitasen47 – a new beginning a new life finally. Over the moon. 🥰😘😍😍🥰💕💞💖💘💓 pic.twitter.com/Vvks5afTfz
— Lalit Kumar Modi (@LalitKModi) July 14, 2022