നേരിട്ടുള്ള ഒറ്റിറ്റി റിലീസ് ആയി ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്ത മലയാള ചിത്രമാണ് ലളിതം സുന്ദരം. വലിയൊരു ഇടവേളക്ക് ശേഷം ബിജു മേനോൻ – മഞ്ജു വാര്യർ ജോഡി വീണ്ടും ഒന്നിച്ച ഈ ചിത്രം മഞ്ജു വാര്യരുടെ സഹോദരനും പ്രശസത നടനുമായ മധു വാര്യർ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ്. മലയാളത്തിലെ പ്രശസ്ത നിർമ്മാണ ബാനർ ആയ സെഞ്ച്വറിയും മഞ്ജു വാര്യർ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചത് പ്രമോദ് മോഹൻ ആണ്. ഒരു ഫാമിലി എന്റെർറ്റൈനെർ ആണിതെന്നു ഇതിന്റെ ട്രൈലെർ, ഗാനങ്ങൾ എന്നിവ പ്രേക്ഷകരോട് പറഞ്ഞിരുന്നു. ഇപ്പോഴിതാ, പ്രേക്ഷകരുടെ ആ പ്രതീക്ഷകളെ പൂർണ്ണമായും തൃപ്തിപ്പെടുത്തിയിരിക്കുകയാണ് ഈ ചിത്രം. ബിജു മേനോൻ അവതരിപ്പിക്കുന്ന സണ്ണി, മഞ്ജു വാര്യർ അവതരിപ്പിക്കുന്ന ആനി, അനു മോഹന്റെ ജെറി എന്നിവർ സഹോദരങ്ങൾ ആണ്. തിരക്ക് പിടിച്ച ജീവിതത്തിൽ ഇവർ തമ്മിൽ ഉള്ള ബന്ധം അത്ര സുഖകരമല്ല. എന്നാൽ അമ്മയുടെ ആണ്ടിന് ഒന്നിച്ചു കൂടുന്ന ഇവർ, അമ്മയുടെ അവസാനത്തെ ആഗ്രഹം പൂർത്തീകരിക്കണം എന്ന് തീരുമാനിക്കുന്നു. തുടർന്ന് നടക്കുന്ന രസകരമായ സംഭവങ്ങളും, അതിലൂടെ അവർക്കിടയിൽ വീണ്ടും ഉടലെടുക്കുന്ന വൈകാരിക ബന്ധവും അവരുടെ കുടുംബത്തിൽ ഉണ്ടാവുന്ന മാറ്റങ്ങളുമാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നത്.
ഒരു നടനെന്ന നിലയിൽ പ്രേക്ഷകർക്ക് സുപരിചിതനായ മധു വാര്യർ, തന്റെ ഉള്ളിലെ സംവിധായകൻ എന്ന പ്രതിഭയെ കൂടി പ്രേക്ഷകർക്ക് കാണിച്ചു കൊടുക്കുന്ന ചിത്രമാണ് ലളിതം സുന്ദരം. പ്രമോദ് മോഹൻ ഒരുക്കിയ മനോഹരമായതും രസകരമായതുമായ ഒരു തിരക്കഥയെ അതിലും മനോഹരമായി വെള്ളിത്തിരയിൽ കൊണ്ട് വരാൻ മധു വാര്യർക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് പറയാം. പ്രേക്ഷകന്റെ മനസ്സിൽ തൊടുന്ന ഒരു ചിത്രമാക്കി ഇതിനെ മാറ്റാൻ അദ്ദേഹത്തിന് സാധിച്ചു. ലളിതമായ കഥ പറച്ചിലിനോടൊപ്പം എല്ലാ വിനോദ ഘടകങ്ങളും നിറഞ്ഞ ഈ ചിത്രത്തിന്റെ പ്രമേയത്തിന് ഒരു ഭംഗിയുണ്ട്. ആ ഭംഗി ഒട്ടും നഷ്ടപ്പെടാതെ തന്നെ അതിനു ദൃശ്യ ഭാഷയൊരുക്കി നമ്മുടെ മുന്നിലെത്തിക്കാൻ എഴുത്തുകാരൻ എന്ന നിലയിൽ പ്രമോദ് മോഹനും സംവിധായകൻ എന്ന നിലയിൽ മധു വാര്യർക്കും കഴിഞ്ഞുവെന്ന് സംശയമില്ലാതെ തന്നെ പറയാം. വൈകാരിക രംഗങ്ങളും രസകരമായ മുഹൂർത്തങ്ങളും നിറഞ്ഞ ഈ ചിത്രത്തിൽ വളരെ സാധാരണക്കാരായതും, നമ്മുടെ നിത്യ ജീവിതത്തിൽ നാം കണ്ടു മുട്ടാനിടയുള്ള കഥാപാത്രങ്ങളെയും നമ്മുക്ക് കാണാൻ സാധിക്കുമെന്നതാണ് സത്യം. രസകരമായ കഥാസന്ദർഭങ്ങൾ ചിത്രത്തിന്റെ ഘടന മനോഹരമാക്കിയപ്പോൾ, ചിരിപ്പിക്കുന്ന സംഭാഷണങ്ങളും ചിത്രത്തെ കൂടുതൽ ആകർഷകമാക്കിയിട്ടുണ്ട്. കഥാപാത്രങ്ങൾക്ക് കൊടുത്തിട്ടുള്ള ആഴവും വ്യക്തിത്വവും മനോഹരമാണ്. വൈകാരികമായ മുഹൂർത്തങ്ങളെ കൈകാര്യം ചെയ്തിരിക്കുന്ന രീതിയും അഭിനന്ദനം അർഹിക്കുന്നുണ്ട്.
ബിജു മേനോൻ, മഞ്ജു വാര്യർ എന്നിവരുടെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രേത്യേകത. അതീവ രസകരവും അതോടൊപ്പം വളരെയധികം എനെർജിറ്റിക്കും ആയിരുന്നു ഈ പ്രതിഭകളുടെ പ്രകടനം. ഇവർക്കൊപ്പം നിന്ന് കയ്യടി നേടുന്ന പ്രകടനം അനു മോഹനും നൽകിയിട്ടുണ്ട്. ദീപ്തി സതിയും തന്റെ വേഷം പക്വതയോടെ തന്നെ അവതരിപ്പിച്ചു ഫലിപ്പിച്ചു. മറ്റു കഥാപാത്രങ്ങളെ നമ്മുക്ക് മുന്നിൽ എത്തിച്ച സെെജു കുറുപ്പ്, സുധീഷ്, രഘുനാഥ് പലേരി, വിനോദ് തോമസ്സ്, സറീന വഹാബ്, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്, മാസ്റ്റര്‍ ആശ്വിന് വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് എന്നീ നടീനടന്മാരും തങ്ങളുടെ വേഷങ്ങൾ മനോഹരമായി അവതരിപ്പിച്ചു. അഭിനേതാക്കൾ എല്ലാവരും മത്സരിച്ചഭിനയിച്ചപ്പോൾ ചിത്രത്തിലെ മുഹൂർത്തങ്ങൾ ഹൃദ്യമായി മാറിയിട്ടുണ്ട്. പി സുകുമാർ, ഗൗതം ശങ്കർ എന്നിവർ ചേർന്ന് നൽകിയ മനോഹരമായ ദൃശ്യങ്ങൾ ചിത്രത്തിന്റെ അന്തരീക്ഷത്തെ പെട്ടെന്ന് മനസ്സിലെടുക്കാൻ പ്രേക്ഷകനെ സഹായിച്ചപ്പോൾ ചിത്രത്തിന്റെ ആകെയുള്ള സന്തോഷകരമായ മൂഡിനെ പ്രേക്ഷകരിലേക്കെത്തിച്ചത് ബിജിബാൽ ഒരുക്കിയ മികച്ച സംഗീതമായിരുന്നു. മനോഹരമായ ഗാനങ്ങൾ ആണ് അദ്ദേഹം ഈ ചിത്രത്തിന് വേണ്ടിയൊരുക്കിയത്. അദ്ദേഹം ഒരുക്കിയ പശ്ചാത്തല സംഗീതവും മികച്ചു നിന്നു. ലിജോ പോളിന്റെ എഡിറ്റിംഗ് മികവും എടുത്തു പറയണം.
കുട്ടികൾക്കും കുടുംബങ്ങൾക്കും അത് പോലെ തന്നെ യുവാക്കൾക്കുമെല്ലാം ഒരുപോലെ ആസ്വദിക്കാവുന്ന ഒരു ചിത്രമാണ് ലളിതം സുന്ദരം. അത്ര മനോഹരമായ രസകരമായ ഒരു കുടുംബ ചിത്രമാണ് മധു വാര്യർ ഒരുക്കിയ ഈ സിനിമാനുഭവം. കുടുംബ ബന്ധങ്ങളുടെ ആഴവും പരപ്പും വളരെ ലളിതവും സുന്ദരവുമായാണ് ഇതിലൂടെ പ്രേക്ഷകരുടെ മനസ്സിൽ എത്തുന്നതും അവരുടെ മനസ്സുകളെ സ്പർശിക്കുന്നതും.