പ്രേക്ഷകന്റെ പൾസറിഞ്ഞ് ചിത്രമൊരുക്കുന്ന ലോകേഷ് കനകരാജ് സംവിധാനം നിർവഹിച്ച ദളപതി വിജയ് ചിത്രം ലിയോ ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. വിജയ്ക്കും ലോകേഷിനും കേരളത്തിൽ വമ്പൻ ആരാധകവൃന്ദമാണുള്ളത്. അതിനാൽ തന്നെ ലിയോക്ക് കേരളത്തിലും വൻ വരവേൽപ്പാണ് ലഭിച്ചത്. ലേറ്റ് നൈറ്റ് ഷോകൾ അടക്കം ടിക്കറ്റുകൾ മുഴുവൻ വിറ്റഴിഞ്ഞ കാഴ്ചയാണ് ഇപ്പോൾ കേരളത്തിൽ കാണുവാൻ സാധിക്കുന്നത്.
7.3 കോടിയെന്ന കെ ജി എഫിന്റെ ആദ്യദിന റെക്കോർഡ് പ്രീസെയിൽസ് കൊണ്ട് തന്നെ ലിയോ തകർത്തിരുന്നു. ഇപ്പോഴിതാ ഹൗസ്ഫുൾ ഷോകളും എക്സ്ട്രാ ഷോകളുമായി ആദ്യദിന കളക്ഷൻ പതിനൊന്ന് കോടിയോളം എത്തുമെന്നാണ് പ്രതീക്ഷ. ഇന്നത്തെ ഒട്ടുമിക്ക ഷോകളുടെയും ടിക്കറ്റുകൾ ഇതിനകം വിറ്റുകഴിഞ്ഞു. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും തീയറ്ററുകൾ നിറഞ്ഞു കവിയുകയാണ്.
വിജയുടെ അറുപത്തി എഴാമത്തെ ചിത്രമാണ് ലിയോ. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം വാസുദേവ് മേനോൻ, മൻസൂർ അലി ഖാൻ എന്നിവരടങ്ങുന്ന സംഘമാണ് ലിയോയിലുള്ളത്. അനിരുദ്ധ് ആണ് സംഗീത സംവിധാനം. സെവൻ സ്ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കേരളത്തിൽ രാവിലെ 4 മണിക്കാണ് ചിത്രത്തിന്റെ ആദ്യ ഷോ നടത്തിയത്. തമിഴ്നാട്ടിൽ പുലർച്ചെ ഷോ അനുവദിച്ചിട്ടില്ലാത്തതിനാൽ അവിടെ നിന്നും ആരാധകർ കേരളത്തിൽ എത്തുകയും ചെയ്തു.