സ്റ്റേജ് ഷോകളിലൂടെയും കോമഡി പരിപാടികളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് രാജീവ് കളമശ്ശേരി. കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയെ അവതരിപ്പിച്ച് ഏറെ കൈയടി നേടിയിട്ടുണ്ട് ഈ കലാകാരന്. തമാശകളിലൂടെ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ആ കലാകാരന് ഇന്ന് ദുരിതക്കയത്തിലാണ്.
മറവി രോഗം ബാധിച്ച് സ്വന്തം മക്കളുടെ പേര് പോലും ഓര്‍ത്തെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് രാജീവ് കളമശേരി ഇന്ന്. വാക്കുകള്‍ പലപ്പോഴും മുറിഞ്ഞു പോകുന്ന അവസ്ഥ. കലാരംഗത്തു നിന്ന് പിന്മാറിയതോടെ വരുമാനം നിലച്ചു. ഇത് രാജീവിനെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തു കളഞ്ഞു. പന്ത്രണ്ടാം വയസില്‍ സ്കൂള്‍ നാടകങ്ങളിലൂടെയാണ് രാജീവ് കലാ രംഗത്തേക്ക് കടന്നുവന്നത്. നിരവധി നാടകങ്ങളില്‍ ബാല നടനായി അഭിനയിച്ചു. തന്റെ വഴി കലയാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം അഭിനയത്തിനൊപ്പം നാടകത്തില്‍ സഹായിയായും പ്രവര്‍ത്തിച്ചു. പിന്നീട് സിനിമയിലേക്കും തിരിഞ്ഞു. 25 ഓളം സിനിമകളില്‍ വലുതും ചെറുതുമായ വേഷങ്ങളില്‍ അഭിനയിച്ചു.
2019ലാണ് രാജീവിന്റെ ജീവിതം പ്രശ്നങ്ങള്‍ നേരിട്ടു തുടങ്ങിയത്. 2019 ജൂലായില്‍ കൈവേദന പരിശോധിക്കാനായി ആശുപത്രിയില്‍ പോയിരുന്നു. അപ്പോഴാണ് രണ്ട് തവണ ഹൃദയാഘാതം വന്നു എന്ന് അറിയുന്നത്. ആ ഹൃദയ സ്തംഭനം പിന്നീട് ജീവിതത്തിന്റെ താളം തെറ്റിച്ചു. ഹൃദയവാല്‍വുകളില്‍ ബ്ലോക്ക് വന്നതോടെ ആന്‍ജിയോപ്ലാസ്റ്റി ചെയ്യേണ്ടി വന്നു. തിരികെ വീട്ടില്‍ വന്ന ശേഷം വീട്ടിലെ കുളിമുറിയില്‍ തലകറങ്ങി വീണു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പക്ഷാഘാതമാണെന്ന് മനസിലായി. ഇതിന് ശേഷമാണ് മറവി രോഗം രാജീവിനെ പിടികൂടുന്നത്. ഇന്ന് മറവിയുടെ ലോകത്ത് ഒന്നും ഓര്‍ത്തെടുക്കാന്‍ കഴിയാതെ ജീവിതം, ജീവിച്ച് തീര്‍ക്കുകയാണ് ഈ കലാകാരന്.