‘പണ്ടേ ദുർബല, ഇപ്പോൾ ഗർഭിണി’ പഴമക്കാരും പുതു തലമുറയും ഒരേപോലെ പറയുന്ന ആ ഒരു പഴഞ്ചൊല്ല് ഇനി മാറ്റാറായി. പലതും മാറുകയാണല്ലോ ഈ കാലഘട്ടത്തിൽ..! ദുർബലകൾ എന്ന ആസ്ഥാനപട്ടം നൽകി ഒരു വശത്തേക്ക് മാറ്റി നിർത്തപ്പെടുന്ന സ്ത്രീകളെ മാത്രം കണ്ടിട്ടുള്ള പ്രേക്ഷകർക്ക് സ്ത്രീയെന്ന കരുത്ത് എന്താണെന്ന് വെളിപ്പെടുത്തി കൊടുത്തിരിക്കുകയാണ് ലില്ലി എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ സംവിധായകൻ പ്രശോഭ് വിജയൻ അടക്കം ഒരു കൂട്ടം യുവാക്കൾ. സ്ത്രീത്വത്തിന്റെ കരയുന്ന ഭാവവും ചിരിക്കുന്ന നിമിഷങ്ങളും മാത്രം ബിഗ് സ്ക്രീനിൽ കണ്ടു മടുത്ത പ്രേക്ഷകർക്ക് സ്ത്രീയെന്ന പോരാളിയുടെ, അതിജീവിക്കുന്നവളുടെ മുഖമാണ് ലില്ലിയുടേത്. കഴിവുള്ള കലാകാരന്മാർക്ക് ഇങ്ങനെയുള്ള ഒരു വഴി തുറന്നു കൊടുത്ത E4 എക്സ്പെരിമെന്റ്സിനും E4 എന്റർടൈൻമെന്റിനും ബിഗ് സല്യൂട്ട്. ഇനിയും പ്രേക്ഷകർ കാണാനുണ്ട് പലരേയും.
പൂർണഗർഭിണിയായ ലില്ലി തന്റെ ഭർത്താവ് അജിത്തിന് അപകടം പറ്റിയെന്ന ഒരു ഫോൺകോൾ ലഭിച്ചു പാതിരാത്രിയിൽ കാറുമായി പുറത്തിറങ്ങുന്നു. വഴിയിൽ വെച്ച് ഒരു അപകടം ഉണ്ടാവുകയും ലില്ലിയെ മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു. അവരിൽ നിന്നും തന്നെയും തന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനേയും രക്ഷപ്പെടുത്താനുള്ള ലില്ലിയുടെ ശ്രമങ്ങളും അതോടൊപ്പം ലില്ലിയുടെ കഴിഞ്ഞ കാലവും ചർച്ച ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. മനോഹരമായ ഒരു ആശയത്തെ അതിനേക്കാൾ മനോഹരമായും അതേസമയം വയലൻസിന്റെ ഒരു എക്സ്ട്രീം ലെവലിലും അവതരിപ്പിച്ചിരിക്കുകയാണ് ലില്ലിയിൽ. ശരിക്കും പറഞ്ഞാൽ ഒരു ‘ചോരക്കളി’ തന്നെയാണ് ലില്ലി.
പൂർണമായും ഒരു സംയുക്ത മേനോൻ ചിത്രം തന്നെയാണ് ലില്ലി. ചിത്രത്തിലുടനീളം നിറഞ്ഞു നിൽക്കുകയാണ് സംയുക്ത. തീവണ്ടിയുടെ വിജയാഘോഷങ്ങൾ അവസാനിക്കുന്നതിന് മുന്നേ അടുത്ത വിജയവും കരസ്ഥമാക്കിയതിന്റെ സന്തോഷത്തിൽ തന്നെയായിരിക്കും സംയുക്ത ഇപ്പോൾ. കരിയറിന്റെ തുടക്കത്തിൽ തന്നെ ഇത്തരത്തിൽ ഒരു ബോൾഡ് റോൾ കിട്ടുകയും അത് ഏറ്റവും ശക്തമായ രീതിയിൽ തന്നെ അവതരിപ്പിക്കുകയും ചെയ്യാൻ സാധിച്ച സംയുക്ത മേനോൻ മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ഒരു മുതൽക്കൂട്ട് തന്നെയാണ്. വയലൻസ് രംഗങ്ങളിൽ അസാമാന്യമായ അഭിനയപാടവം തന്നെയാണ് നടി പുറത്തെടുത്തിരിക്കുന്നത്. ചിത്രം നേടിയ കൈയ്യടികളിൽ ഭൂരിഭാഗവും സംയുക്തക്ക് അവകാശപ്പെട്ടതാണ്. അതെ പോലെ പ്രകടന മികവ് കൊണ്ട് കൈയ്യടികൾ നേടിയെടുത്ത ഒരു കൂട്ടം നവാഗതരുമുണ്ട്. രാജേഷ് എന്ന തനി സൈക്കോയായി സ്ക്രീൻ നിറഞ്ഞ് നിന്ന ധനേഷ്. പ്രേക്ഷകന് പോലും ആ കഥാപാത്രത്തെ കൈയ്യിൽ കിട്ടിയാൽ ഒന്ന് കരണക്കുറ്റി നോക്കി പൊട്ടിക്കാൻ തോന്നത്തക്കവിധം ആ കഥാപാത്രത്തെ പൂർണമാക്കാൻ ധനേഷിനായി. ആര്യൻ കൃഷ്ണൻ മേനോൻ, കണ്ണൻ നായർ, സജിൻ, കെവിൻ, എന്നിങ്ങനെ ഓരോരുത്തരും അവർക്ക് ലഭിച്ച അവസരം പാഴാക്കിയിട്ടില്ല. മലയാള സിനിമ ലോകത്തിന് ഒരു കൂട്ടം നവാഗതരെ കൂടി സമ്മാനിച്ചിരിക്കുകയാണ് ചിത്രം.
പതിഞ്ഞ താളത്തിൽ തുടങ്ങി ഓരോ നിമിഷം ചെല്ലുന്തോറും ഉദ്വേഗം ജനിപ്പിക്കുന്ന രീതിയിൽ ഉള്ള ശതമായൊരു തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ ശക്തി. ആ ഒരു ചുമതല ഏറ്റവും മനോഹരമായ രീതിയിൽ തന്നെ സംവിധായകൻ കൂടിയായ തിരക്കഥാകൃത്ത് പ്രശോഭ് വിജയൻ നിർവഹിച്ചിട്ടുണ്ട്. സുഷിൻ ശ്യാം ഒരുക്കിയ സംഗീതവും ആ ലില്ലിയെ കൂടുതൽ അറിയുവാൻ പ്രേക്ഷകനെ സഹായിച്ചു. ശ്രീരാജ് രവീന്ദ്രന്റെ ക്യാമറയും അപ്പു ഭട്ടതിരിയുടെ എഡിറ്റിംഗ് കൂടിയായപ്പോൾ ലില്ലി സുന്ദരിയായി. വയലൻസിന്റെ അളവ് കൂടുതൽ ആയതുകൊണ്ട് തന്നെ കൊച്ചു കുട്ടികൾക്കും കുടുംബങ്ങൾക്കും ലില്ലിയെ അധികം നെഞ്ചോടു ചേർത്ത് പിടിക്കുവാൻ സാധിച്ചെന്ന് വരില്ല. എങ്കിൽ പോലും പ്രേക്ഷകർക്കായി ഒരു വേറിട്ട കാഴ്ച തന്നെയാണ് പ്രശോഭ് വിജയനും കാണിച്ചു തന്നിരിക്കുന്നത്. ഇനിയും അതിജീവിക്കുന്ന, പോരാടുന്ന ലില്ലികൾ പിറന്നുവീഴട്ടെ