മലയാളികൾക്ക് ബിഗ് സ്ക്രീനിൽ അത്ഭുതം നിറച്ച കാഴ്ച്ചകൾ സമ്മാനിച്ച് വിജയം കൈവരിച്ച രണ്ട് സംവിധായകരാണ് അൽഫോൺസ് പുത്രേനും തരുൺ മൂർത്തിയും. നേരം, പ്രേമം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് വേറിട്ടൊരു ചലച്ചിത്രാനുഭവം സമ്മാനിച്ച അൽഫോൻസ് പുത്രേന്റെ പുതിയ ചിത്രമാണ് ഗോൾഡ്. ഡിസംബർ ഒന്നിനാണ് ചിത്രമെത്തുന്നത്. ഓപ്പറേഷൻ ജാവയിലൂടെ സിനിമ സംവിധാന രംഗത്തേക്കുള്ള തന്റെ വരവ് വൻ വിജയമാക്കി തീർത്ത തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക എന്ന ചിത്രം ഡിസംബർ രണ്ടിന് തീയറ്ററുകളിൽ എത്തും. ഇരു ചിത്രങ്ങളുടെയും റിലീസ് തീയതി പ്രഖ്യാപിച്ചതാണ് ഏറെ രസകരമായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഓടിക്കൊണ്ടിരിക്കുന്നത്.
“സിനിമകളിൽ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകൾ കണ്ടിട്ടുള്ളത് …ഇപ്പോൾ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണ് ..കാത്തിരുന്ന പ്രേക്ഷകർക്കായി ഡിസംബർ ഒന്നാം തീയതി ഗോൾഡ് തിയറ്ററുകളിൽ എത്തുന്നു… ദൈവമേ ഇനിയും ട്വിസ്റ്റുകൾ തരല്ലേ 🥴🥴….റിലീസ് തീയതി മാറുന്നതിന് ദൈവത്തെയോർത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ്😊” എന്ന ക്യാപ്ഷനോട് കൂടിയാണ് ഗോൾഡിന്റെ റിലീസ് നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ പ്രഖ്യാപിച്ചത്. നിരവധി തവണ റിലീസ് തീയതി മാറ്റിയൊരു ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജ് സുകുമാരനും നയൻതാരയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അതേ സമയം മറ്റൊരു രസകരമായ രീതിയിലാണ് സൗദി വെള്ളക്കയുടെ റിലീസ് സംവിധായകൻ തരുൺ മൂർത്തി അറിയിച്ചത്. ‘പറയാൻ പാടുണ്ടോ എന്ന് അറിയില്ല. “സൗദി വെള്ളക്ക” ഡിസംബർ രണ്ടിന്’ എന്നാണ് തരുൺ മൂർത്തി കുറിച്ചത്. സന്ദീപ് സേനൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ലുക്മാൻ അവറാൻ, വിൻസി അലോഷ്യസ്, ബിനു പപ്പു എന്നിങ്ങനെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. കോടതിയുടെ പശ്ചാത്തലത്തിൽ ഏറെ രസകരമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തരുൺ മൂർത്തി തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.