മോഹന്‍ലാല്‍ നായകനാകുന്ന മലൈക്കോട്ടൈ വാലിബന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്. കട്ടി താടിവച്ചുള്ള മോഹന്‍ലാലാണ് ചിത്രങ്ങളിലുള്ളത്. ചിത്രത്തിന്റെ ഷൂട്ടിംഗ് രാജസ്ഥാനില്‍ പുരോഗമിക്കുകയാണ്. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. മോഹന്‍ലാലിനൊപ്പം മലയാളത്തില്‍ നിന്നും ബോളിവുഡില്‍ നിന്നുമായി നിരവധി താരങ്ങളാണ് മലൈക്കോട്ടൈ വാലിബനില്‍ അണിനിരക്കുന്നത്.
1900 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് മലൈക്കോട്ടൈ വാലിബന് പറയുന്നതെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ബ്രിട്ടീഷ് ഭരണ കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നതെന്ന സൂചന ലൊക്കേഷന്‍ ചിത്രങ്ങളില്‍ നിന്ന് ലഭിച്ചിരുന്നു. പെല്ലിശ്ശേരിയുടെ ആമേന്‍ എന്ന ചിത്രത്തിന് ശേഷം പി എസ് റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠന് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്
ടിനു പാപ്പച്ചനാണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണ്‍സ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.