മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ചെത്തിയ നന്‍പകല്‍ നേരത്ത് മയക്കം പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. മമ്മൂക്കയുടെ പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷന്‍ വിനോദസഞ്ചാരികളുടെ ഇഷ്ട ഇടമായി മാറിയിരിക്കുകയാണ്.
തമിഴ്നാട്ടിലെ മഞ്ഞനായ്ക്കന്‍പ്പെട്ടി എന്ന കര്‍ഷക ഗ്രാമത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. മനോഹരമായ ഫ്രെയിമുകള്‍ കൊണ്ട് ആ ഗ്രാമത്തിന്റെ ഭംഗി ലിജോ ജോസ് പെല്ലിശ്ശേരി പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാക്കി തന്നിട്ടുണ്ട്. ചെറിയ വീടുകളും കാര്‍ഷിക നിലങ്ങളും കന്നുകാലികളും ക്ഷേത്രവും എല്ലാം കൊണ്ടും മനോഹരമായ ഇടമാണ് മഞ്ഞനായ്ക്കന്‍പ്പെട്ടി. സിനിമ പുറത്തിറങ്ങിയതിന് ശേഷം നിരവധി പേരാണ് മഞ്ഞനായ്ക്കന്‍പ്പെട്ടി സന്ദര്‍ശിക്കാനായി എത്തുന്നത്.
മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മിച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം തീയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. ട്രൂത്ത് ഫിലിംസാണ് ഓവര്‍സീസ് റിലീസ് നടത്തുന്നത്. രമ്യാ പാണ്ട്യന്, അശോകന്, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് ദീപു എസ്. ജോസഫ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ്. ഹരീഷാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷ്ണു സുഗതന്, അനൂപ് സുന്ദരന്‍, പിആര്‍ഒ- പ്രതീഷ് ശേഖര്‍.