ക്രിസ്തീയ വിശ്വാസപ്രകാരം മാമ്മോദീസ എന്ന കൂദാശ ഒരു നവീകരണവും മരണത്തിന്റെ ലോകത്ത് നിന്നും ജീവനിലേക്കുള്ള മാർഗവും കൂടിയാണ്. കൊഴിഞ്ഞു പോയ ഓർമ്മകളുടെ കൂട്ട് പിടിച്ച് അത്തരത്തിൽ ഒരു പുതിയ തിരിച്ചറിവിലേക്ക് കടന്നു ചെല്ലുന്ന ലോനപ്പന്റെ രസകരമായ ജീവിതമാണ് ലോനപ്പന്റെ മാമ്മോദീസയിലൂടെ ലിയോ തദേവൂസ് പ്രേക്ഷകന് സമ്മാനിച്ചിരിക്കുന്നത്. നാട്ടിൻപുറത്തെ നിഷ്കളങ്കതയും കൊച്ചു കൊച്ചു കുസൃതികളും നിറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലെ ജയറാം എന്ന നടന്റെ അനിർവചനീയമായ കഴിവ് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ് ലോനപ്പന്റെ മാമ്മോദീസയുടെ ആഘോഷങ്ങളിലൂടെ. പ്രേക്ഷകർ എന്നും കാണാൻ കൊതിക്കുന്നതും ജയറാം എന്ന നടന്റെ ഈ മാനറിസങ്ങളും കഥാപാത്രങ്ങളുമാണ്.
![Lonappante Mamodeesa Review](https://i0.wp.com/cinemadaddy.com/wp-content/uploads/2019/02/Lonappante-Mamodeesa-Review-1.jpeg?resize=788%2C470&ssl=1)
ഒഴുക്കിനൊത്ത് നീന്തുന്ന ടിപ്പിക്കൽ ഒരു മലയാളി തന്നെയാണ് ലോനപ്പൻ. കവലയിൽ സ്വന്തമായി ഒരു വാച്ച് റിപ്പയറിംഗ് ഷോപ്പ് നടത്തുന്ന ലോനപ്പന് മൂന്ന് പെങ്ങന്മാരാണ് ഉള്ളത്. ആരുടേയും വിവാഹം കഴിഞ്ഞിട്ടില്ല. അവർ അവരുടെ സന്തോഷങ്ങളും ദുഃഖങ്ങളും ആശങ്കകളും പങ്ക് വെച്ച് ജീവിക്കുന്നു. ഇങ്ങനെയെല്ലാം ജീവിക്കുമ്പോഴും ലോനപ്പന്റെ മനസ്സ് അസ്വസ്ഥമാണ്. എന്നാൽ അവിചാരിതമായി നടന്ന ഒരു സ്കൂൾ ഗെറ്റ് ടുഗെദറിൽ ലോനപ്പൻ തന്റെ ഉള്ളിൽ ഉറങ്ങിക്കിടന്ന ഒരു കഴിവ് തിരിച്ചറിയുന്നു. പിന്നീട് ലോനപ്പന്റെ ജീവിതത്തിൽ വരുന്ന സാരമായ മാറ്റങ്ങളുടെ ഒരു അവതരണമാണ് ലോനപ്പന്റെ മാമ്മോദീസ എന്ന ചിത്രത്തിന്റെ ഇതിവൃത്തം. ഇത്തരം കഥാപാത്രങ്ങൾ ചെയ്യുന്നതിൽ ജയറാമിനുള്ള അസാമാന്യമായ ചടുലതയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ലോനപ്പന്റേതായ ഓരോ മാനറിസങ്ങളും അതിന്റെ അങ്ങേയറ്റം മനോഹാരിതയിൽ കൈവരിക്കുവാൻ ജയറാമിന് മാത്രമേ സാധിക്കൂ. അഭിനയിച്ച് ഫലിപ്പിക്കുന്നതിലും പറഞ്ഞു വിശ്വസിപ്പിക്കുന്നതിലും ലോനപ്പനുള്ള കഴിവ് ജയറാം മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.
![Lonappante Mamodeesa Review](https://i0.wp.com/cinemadaddy.com/wp-content/uploads/2019/02/Lonappante-Mamodeesa-Review-1.jpg?resize=788%2C788&ssl=1)
ലോനപ്പന്റെ പെങ്ങന്മാരായി എത്തിയ ശാന്തി കൃഷ്ണയും നിഷ സാരംഗും ഇവാ പവിത്രനും അവരുടെ റോളുകൾ വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. തനി നാട്ടിൻപുറത്ത് ജീവിക്കുന്ന ആളുകളുടെ അതെ സ്വഭാവസവിശേഷതകളിലൂടെ പഴയകാല ഓർമകളിലേക്ക് അവരുടെ കഥാപാത്രങ്ങൾ പ്രേക്ഷകരെ കൂട്ടികൊണ്ടു പോകുന്നുണ്ട്. അങ്കമാലി ഡയറീസ് ഫെയിം ലിച്ചി ‘ലീന’യെന്ന കഥാപാത്രത്തെയും പ്രേക്ഷകരുടെ പ്രിയപ്പെട്ടതാക്കി. ഹരീഷ് കണാരൻ, ജോജു ജോർജ്, അലൻസിയർ, ദിലീഷ് പോത്തൻ എന്നിങ്ങനെ ഓരോരുത്തരും അവരുടെ ഭാഗങ്ങൾ മനോഹരമായി തന്നെ പ്രേക്ഷകരിലേക്ക് എത്തിച്ചു.
![Lonappante Mamodeesa Review](https://i0.wp.com/cinemadaddy.com/wp-content/uploads/2019/02/Lonappante-Mamodeesa-Review-2.jpg?resize=788%2C497&ssl=1)
നന്മ നിറഞ്ഞ നാട്ടിൻപുറവും അതിന്റെ സൗന്ദര്യവും എന്നും മലയാളി പ്രേക്ഷകരുടെ ഒരു ബലഹീനതയാണ്. അതിനെ ആവോളും നുകരാൻ അവരെന്നും കൊതിക്കാറുമുണ്ട്. അത്തരത്തിൽ ഒരു വിരുന്ന് തന്നെയാണ് ലോനപ്പന്റെ മാമോദീസ. ഈ മാമോദീസയെ ഏറ്റവും ഹൃദ്യമാക്കുവാൻ സുധീർ സുരേന്ദ്രന്റെ ക്യാമറക്കണ്ണുകൾക്കും അൽഫോൻസ് ജോസഫിന്റെ സംഗീതത്തിനും കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. രഞ്ജൻ അബ്രഹാമിന്റെ എഡിറ്റിംഗും ഇതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വീണ്ടെടുക്കാൻ കഴിയാത്ത വിധം നഷ്ടപ്പെട്ടു പോയ പല ഓർമകളും നിങ്ങളിൽ കെടാതെ ജ്വലിച്ചു നിൽക്കുന്നുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് ലോനപ്പന്റെ മാമ്മോദീസ. ഈ ചിത്രം നിങ്ങൾക്ക് പലതും പകർന്ന് തരുന്നുണ്ട്.