നിരവധി കാരണങ്ങളാണ് ലൗ ആക്ഷൻ ഡ്രാമ കാണുവാൻ പ്രേക്ഷകർക്ക് ഉണ്ടായിരുന്നത്. പ്രേക്ഷകർ കാണാൻ കൊതിച്ച ഒരു റോളിലേക്കുള്ള നിവിൻ പോളിയുടെ തിരിച്ചുവരവ്, അച്ഛനും ഏട്ടനും പിന്നാലെ സംവിധാന രംഗത്തേക്കുള്ള ധ്യാൻ ശ്രീനിവാസന്റെ അരങ്ങേറ്റം, ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ മലയാളത്തിലേക്കുള്ള തിരിച്ചു വരവ്, അജു വർഗീസിന്റെ പ്രഥമ സംവിധാന സംരംഭം എന്നിങ്ങനെ നിരവധി കാര്യങ്ങൾ പ്രേഷകനെ ഈ ചിത്രത്തിലേക്ക് ആകർഷിച്ചിട്ടുണ്ട്. ഹിറ്റ് ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച മെറിലാൻഡിന്റെ ‘ഫന്റാസ്റ്റിക്’ ആയിട്ടുള്ള തിരിച്ചു വരവ് കൂടിയാണ് ചിത്രം. മെറിലാൻഡിന്റെ പുതിയ തലമുറയിലെ വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രേക്ഷകർ വെച്ചു പുലർത്തിയ പ്രതീക്ഷകളെ പൂർത്തീകരിച്ച് ചിരിയും പ്രണയവും ആക്ഷനുമെല്ലാമായി രുചികരമായ ഒരു ഓണസദ്യ തന്നെയാണ് ചിത്രം പ്രേക്ഷകന് സമ്മാനിച്ചിരിക്കുന്നത്. ഈ ഓണക്കാലത്ത് പ്രേക്ഷകർക്ക് കുടുംബസമേതം പോയി ആസ്വദിക്കാവുന്ന ഒരു വിരുന്ന് തന്നെയാണ് തന്റെ പ്രഥമ സംവിധാന സംരംഭത്തിലൂടെ ധ്യാൻ ശ്രീനിവാസൻ ഒരുക്കിയിരിക്കുന്നത്. മലയാളത്തിന് പുതിയൊരു സംവിധായകനെ കൂടി കിട്ടിയ ത്രില്ലിലാണ് പ്രേക്ഷകർ ഇപ്പോൾ.
ഗൃഹാതുരത്വം ഉണർത്തുന്ന ഏറെ ഓർമകൾ മലയാളിക്ക് സമ്മാനിച്ചിട്ടുള്ള പേരുകളാണ് ദിനേശനും ശോഭയും. അന്നുണ്ടായിരുന്ന ഈഗോ പ്രശ്നം ഇപ്പോഴും വിട്ടുമാറാത്ത മലയാളിക്ക് മുന്നിലേക്കാണ് ന്യൂ ജനറേഷൻ ദിനേശന്റെയും ശോഭയുടെയും വരവ്. പ്രേക്ഷകരെ ആകർഷിക്കാൻ ആണെങ്കിലും അല്ലെങ്കിലും ഈ പേരുകൾ തിരഞ്ഞെടുത്തത് ഒരു പക്കാ സൈക്കോളോജിക്കൽ മൂവ് ആയി. ഒരു കല്യാണ വീട്ടിൽ വെച്ചാണ് ദിനേശനും ശോഭയും കണ്ടു മുട്ടുന്നത്. പിന്നീട് ഇവർക്കിടയിൽ ഉടലെടുക്കുന്ന പ്രണയത്തെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. നർമ്മത്തിന് ഏറെ പ്രാധാന്യം നൽകി കുതിക്കുന്ന കഥയിൽ അപ്രതീക്ഷിതമായി കടന്നു വരുന്ന വേറെയും പല കഥാപാത്രങ്ങളുമുണ്ട്. ഒരു വടക്കൻ സെൽഫിയിലെല്ലാം കാണാൻ സാധിക്കുന്നത് പോലെയുള്ള പൊട്ടിച്ചിരിപ്പിക്കുന്ന റൊമാന്റിക് ഹീറോ വേഷത്തിലേക്കുള്ള നിവിന്റെ തിരിച്ചു വരവ് തന്നെയാണ് ഏറെ കൈയ്യടികൾ നേടുന്നതും. കള്ളച്ചിരിയും കുസൃതികളുമായി നിറഞ്ഞു നിൽക്കുന്ന നിവിൻ പ്രേക്ഷകരെ ചെറുതായിട്ടൊന്നുമല്ല എന്റർടൈൻ ചെയ്യിക്കുന്നത്. മലയാളത്തിലേക്ക് തിരിച്ചു വരവ് നടത്തിയിരിക്കുന്ന നയൻതാര ഓരോ ഫ്രയിമിലും കൂടുതൽ സുന്ദരിയാകുന്ന കാഴ്ച കണ്ട് പ്രേക്ഷകർ തീർച്ചയായും ഞെട്ടിയിരിക്കുകയാണ്. ഇരുവരും തമ്മിൽ മികച്ചൊരു കെമിസ്ട്രിയും വർക്ക് ഔട്ട് ആയിട്ടുണ്ട്.
ചിരിക്കാൻ ഏറെയുള്ള ചിത്രത്തിൽ ചിരിപ്പിക്കാൻ മുന്നിൽ നിൽക്കുന്നത് നിർമാതാവും കൂടിയായ അജു വർഗീസിന്റെ സാഗർ എന്ന കഥാപാത്രമാണ്. പൊടിച്ചിരിപ്പിക്കുന്നതിനൊപ്പം അല്പസ്വല്പം ആക്ഷനും കൂടിയുള്ള ആ കഥാപാത്രത്തെ ഏറ്റവും അടക്കത്തോടെയും അതോടൊപ്പം തന്നെ പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന രീതിയിലും അജു വർഗീസ് കൈകാര്യം ചെയ്തിട്ടുണ്ട്. മല്ലിക സുകുമാരൻ, രഞ്ജി പണിക്കർ, ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ എന്നിങ്ങനെ എല്ലാവരും അവരവരുടെ റോളുകൾ മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുമുണ്ട്. പൊട്ടിരിച്ചിരിപ്പിച്ച ആദ്യ പകുതിയെ സംബന്ധിച്ചിടത്തോളം രണ്ടാം പകുതി ഒന്ന് പുറകോട്ട് നിന്നെങ്കിലും ഡീസന്റ് ആയിട്ടുള്ള ഒരു ക്ലൈമാക്സിലൂടെ പ്രേക്ഷകർക്ക് സംതൃപ്തി നൽകിയിട്ടുമുണ്ട് ചിത്രം.
സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോൾ തന്നെ എഴുത്തിന്റെ മേഖലയിലും കഴിവ് തെളിയിച്ചിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. അത്ര പുതുമയില്ലാത്ത കഥ ആയിരുന്നിട്ട് പോലും രസകരമായ നർമ്മ മുഹൂർത്തങ്ങൾ കൂട്ടിച്ചേർത്ത് പ്രേക്ഷകനെ രസിപ്പിക്കുന്ന തിരക്കഥയാണ് ധ്യാൻ ശ്രീനിവാസൻ ഒരുക്കിയിരിക്കുന്നത്. ജോമോൻ ടി ജോണിന്റെ കാമറ കണ്ണുകൾ ഒപ്പിയെടുത്ത കാഴ്ചകളും പകരം വെക്കാനില്ലാത്തവയാണ്. അതോടൊപ്പം തന്നെ ഷാൻ റഹ്മാന്റെ സംഗീതവും കൂടിയായപ്പോൾ സദ്യ കെങ്കേമമായി. ഈ ഓണക്കാലത്ത് പ്രേക്ഷകർക്ക് കുടുംബസമേതം പോയി തീയറ്ററിൽ ഇരുന്ന് ആസ്വദിക്കാവുന്ന ഒരു ഓണസദ്യ തന്നെയാണ് ചിത്രം.