മോഹൻലാൽ എന്ന നടനിൽ മലയാളികൾ എന്നും കാണാൻ കൊതിക്കുന്ന ചില കഥാപാത്രങ്ങളുണ്ട്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും അതിലേറെ ആവേശം കൊള്ളിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങൾ.. അത്തരം കഥാപാത്രങ്ങൾ എന്ന് സിനിമയിൽ വന്നാലും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് പൃഥ്വിരാജ് എന്ന കട്ട മോഹൻലാൽ ഫാനായ സംവിധായകൻ ലൂസിഫർ കൊണ്ട് വന്നു തന്നപ്പോൾ കുറെയേറെ പ്രതീക്ഷകൾ ആരാധകർ വെച്ച് പുലർത്തിയിരുന്നു. പൃഥ്വിരാജ് അത്തരം പ്രതീക്ഷകളെ പരമാവധി ഒഴിവാക്കുവാൻ ശ്രമിച്ചുവെന്നത് വേറെ കാര്യം. കാത്തിരിപ്പുകൾക്കും ആകാംക്ഷകൾക്കും പ്രതീക്ഷകൾക്കും അവസാനം കുറിച്ച് ലൂസിഫർ തീയറ്ററിൽ എത്തിയപ്പോൾ അത് പ്രതീക്ഷകൾക്ക് എത്രയോ ഇരട്ടിയിലധികം മികച്ചതാണെന്ന് ഓരോ പ്രേക്ഷകനും കണ്ടറിഞ്ഞപ്പോൾ മലയാള സിനിമ മറ്റൊരു കാര്യത്തിൽ കൂടി അഭിമാനം കൊള്ളുകയാണ്. പൃഥ്വിരാജ് എന്ന ഒരു പുതിയ സംവിധായകന് കൂടി ജന്മം നല്കിയിരിക്കുകയാണ് മലയാള സിനിമ ഇന്ന്. നമ്മൾ എങ്ങനെയാണോ ലാലേട്ടനെ കാണാൻ കൊതിച്ചത്, അതിലും മികച്ചതായി നമുക്ക് മുന്നിൽ കൊണ്ടുവന്ന് ലാലേട്ടനെ നിർത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഈ ‘നവാഗത’ സംവിധായകനിൽ നിന്നും ഇനിയുമേറെ ചിത്രങ്ങൾ മലയാള സിനിമാലോകവും പ്രേക്ഷകരും പ്രതീക്ഷിക്കുന്നു.
സ്റ്റീഫൻ നെടുമ്പള്ളി എന്ന പേര് കേൾക്കുമ്പോൾ ഭരണപക്ഷത്തുള്ളവർക്കും പ്രതിപക്ഷത്തുള്ളവർക്കും ഒരേപോലെ ഒരു പേടിയാണ്. മുഖ്യമന്ത്രി പി കെ ആർ മരണപ്പെട്ടതോടെ അടുത്തതാര് എന്ന ചോദ്യങ്ങൾ എല്ലാം വിരൽ ചൂണ്ടിയത് പി കെ ആറിന്റെ വിശ്വസ്തനായ സ്റ്റീഫനിലേക്കാണ്. അത് മറ്റു പലരെയും ഭയപ്പെടുത്തുന്നു. ഇതിനിടയിൽ നടക്കുന്ന പല ചരടുവലികളിലൂടെയും കഥ മുന്നോട്ട് നീങ്ങുമ്പോൾ മറ്റു പല സംഭവങ്ങളും പുറത്തു വരുന്നു. വലിയൊരു തിന്മയെ ചെറിയ ദിനം കൊണ്ട് നേരിട്ട് ആത്യന്തികമായി നന്മയുടെ വിജയം കൈവരിക്കുമ്പോൾ പ്രേക്ഷകനും സന്തോഷവാനാകുന്നു. മോഹൻലാൽ എന്ന നടന്റെ താരമൂല്യത്തെ ഏറ്റവുമധികം ഉപയോഗിച്ചിട്ടുള്ള സംവിധായകൻ പൃഥ്വിരാജിന്റെ മികവ് തന്നെയാണ് ചിത്രത്തിന്റെ ഹൈ ലൈറ്റ്. വെറുമൊരു മാസ്സ് ഹീറോ പരിവേഷം മാത്രമെ നൽകി നിർത്താതെ മികച്ച അഭിനയമുഹൂർത്തങ്ങൾ കൂടി ലാലേട്ടനായി ഒരുക്കുവാൻ പൃഥ്വിരാജ് മറന്നിട്ടില്ല. ഇതുപോലൊരു തിരക്കഥ ഒരുക്കിയ മുരളി ഗോപിക്കും ഒരു ബിഗ് സല്യൂട്ട്.
ഒരു വമ്പൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച വെച്ച ഓരോരുത്തരും അവരുടെ കാസ്റ്റിംഗ് ഒട്ടും തെറ്റിയിട്ടില്ല എന്ന് തെളിയിച്ചിരിക്കുകയാണ്. അതിൽ ഏറ്റവും മികച്ച് നിൽക്കുന്നത് വിവേക് ഒബ്റോയ് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രം തന്നെയാണ്. ബോളിവുഡിൽ നിന്നുമെല്ലാമെത്തുന്ന അഭിനേതാക്കൾക്ക് പലപ്പോഴും ഒരു കോമാളിയെ പോലെ കഥ കണ്ടിരിക്കേണ്ടി വരുന്ന കാലത്താണ് ഇതുപോലെ ശക്തമായൊരു വേഷവുമായി വിവേക് ഒബ്റോയ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. സായികുമാറാണ് കൈയ്യടി നേടുന്ന മറ്റൊരു താരം. ചെറിയ റോളുകൾ ആണെങ്കിൽ പോലും മഞ്ജു വാര്യർ, ടോവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സാനിയ ഇയ്യപ്പൻ, കലാഭവൻ ഷാജോൺ, നന്ദു, ബാല, ബൈജു എന്നിവരെല്ലാം തന്നെ അവരുടെ റോളുകൾ മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം തന്നെ പൃഥ്വിരാജിന്റെ കാമിയോ റോൾ കൂടിയായപ്പോൾ സംഗതി ഉഷാർ. ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ സ്വാധീനം കഥാഗതിയിൽ നൽകുവാൻ സംവിധായകനും തിരക്കഥാകൃത്തും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
പ്രേക്ഷകനെ മടുപ്പിക്കാതെ ആവേശത്തിൽ നിറച്ചിരുത്തുന്ന ഇത്തരത്തിൽ ഒരു തിരക്കഥ ഒരുക്കിയ മുരളി ഗോപിക്ക് പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്. തിരക്കഥ തന്നെയാണ് ലൂസിഫറിന്റെ നട്ടെല്ല്. സുജിത്ത് വാസുദേവും തന്റെ ക്യാമറക്കണ്ണുകൾ കൊണ്ട് അത്ഭുതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്ക്രീൻ പ്രെസൻസ് കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് കൂടുതൽ മിഴിവോടെ എത്തിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. ദീപക് ദേവ് ഒരുക്കിയ സംഗീതവും ചിത്രത്തിന്റെ ആസ്വാദനത്തിൽ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. സംജിത് മുഹമ്മദിന്റെ എഡിറ്റിംഗിനും ഒരു സ്പെഷ്യൽ കൈയ്യടി. മാസ്സും ക്ലാസ്സും നിറഞ്ഞ ലാലേട്ടനെ കണ്ണിമ ചിമ്മാതെ കണ്ടിരിക്കാവുന്ന ആരാധകർക്ക് മാത്രമല്ല ഒരു സിനിമ എത്ര മനോഹരമായി ആസ്വദിക്കാം എന്നും ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഒട്ടും മടിക്കാതെ ടിക്കറ്റ് എടുക്കാവുന്ന ഒരു ചിത്രമാണ് ലൂസിഫർ.