നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രം പാപ്പൻ തിയറ്ററുകളിൽ നിറഞ്ഞ പ്രേക്ഷകർക്കു മുമ്പിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ നടി മാല പാർവതിയും ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ മാല പാർവതി ‘പാപ്പൻ’ സിനിമയുടെ ഒരു പോസ്റ്റർ പങ്കുവെച്ചിരുന്നു. പാപ്പൻ സിനിമയുടെ വിജയവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റർ ആയിരുന്നു അത്. ഒരുപാട് പേർ സിനിമയെക്കുറിച്ച് നല്ല വാക്ക് പറയുകയും മാല പാർവതിയെ അഭിനന്ദിക്കുകയും ചെയ്തപ്പോൾ ചിലർ വളരെ മോശമായ രീതിയിലുള്ള കമന്റാണ് നൽകിയത്. ഇതിനെതിരെ മാല പാർവതി രംഗത്തെത്തി. ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെയാണ് താരം തന്റെ പ്രതിഷേധം അറിയിച്ചത്.
‘ബഹുമാനപ്പെട്ട FB പേജിലെ സ്നേഹിതരേ. ഒരപേക്ഷയുണ്ട്. “പാപ്പൻ” എന്ന ചിത്രത്തിന്റെ ഒരു പോസ്റ്റർ, ഷെയർ ചെയ്തതോടെ… പോസ്റ്ററിന്റെ താഴെ ചില മോശം കമന്റുകൾ കാണാനിടയായി. ദയവ് ചെയ്ത് അതിവിടെ, ഈ പേജിൽ ഒഴിവാക്കുക. നിങ്ങളുടെ രാഷ്ട്രീയ എതിർപ്പുകൾ.. രാഷ്ട്രീയമായി തീർക്കുക!’ – മാല പാർവതി ഫേസ്ബുക്ക് പേജിൽ ഇങ്ങനെ കുറിച്ചു.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/05/mala-parvathi-1248.jpg?resize=788%2C410&ssl=1)
കഴിഞ്ഞദിവസം ആയിരുന്നു സിനിമയുടെ റിവ്യൂ പോസ്റ്റർ മാല പാർവതി പങ്കുവെച്ചത്. അതിനു താഴെയാണ് സുരേഷ് ഗോപിയുടെ രാഷ്ട്രീയം പരാമർശിച്ച് നിരവധി കമന്റുകൾ വന്നിരുന്നു, ഇതിനുള്ള മറുപടിയാണ് താരം നൽകിയത്. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ നിർണായകവേഷത്തിൽ മാല പാർവതിയും എത്തുന്നുണ്ട്. ഇതുവരെ ചിത്രം എട്ടു കോടിക്ക് മുകളിലാണ് കളക്ഷൻ സ്വന്തമാക്കിയത്.