സൂര്യ നായകനായി എത്തിയ ജയ് ഭീം എന്ന ചിത്രം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ചിത്രത്തിനെതിരെ വണ്ണിയാര്‍ വിഭാഗം രംഗത്തെത്തുകയും സൂര്യ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സൂര്യക്കും സംവിധായകനും ചിത്രത്തിന്റെ നിര്‍മാതാവും നടിയുമായ ജ്യോതികയ്ക്കുമെതിരെ കടുത്ത നടപടിയെടുക്കരുതെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. പൊലീസിനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ചിത്രത്തില്‍ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിക്കുന്ന കേസിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഇടപെടല്‍. പട്ടാളി മക്കള്‍ കക്ഷി പാര്‍ട്ടിയുടെ ഉപസംഘടനയായ രുദ്ര വണ്ണിയാര്‍ സേനയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. ജയ് ഭീം നിരോധിക്കണമെന്നും ചിത്രത്തില്‍ നിന്ന് ആക്ഷേപകരമായ രംഗങ്ങള്‍ നീക്കം ചെയ്യണമെന്നും സിനിമയുടെ റിലീസ് സമയത്ത് വണ്ണിയാര്‍ സമുദായം ആവശ്യപ്പെട്ടിരുന്നു. അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ജയ് ഭീം ടീം നിരുപാധികം മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് 2021 നംബറിലാണ് വണ്ണിയാര്‍ സമുദായം പരാതിയുമായി സൈദാപേട്ട് കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സൂര്യ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ജയ് ഭീം റിലീസ് ചെയ്തത്. 1993 ല്‍ ഇരുള വിഭാഗത്തില്‍പ്പെട്ട യുവാവിന്റെ കസ്റ്റഡി മരണവും അത് തെളിയിക്കാന്‍ അഡ്വ. ചന്ദ്രു നടത്തിയ നിയമപോരാട്ടവുമായിരുന്നു സിനിമയ്ക്കാധാരം. സൂര്യയുടെ ബാനറായ ടു ഡി എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രം നിര്‍മിച്ചത്. മലയാളി താരങ്ങളായ ലിജിമോളും രജിഷ വിജയും ചിത്രത്തില്‍ നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.