മലയാളത്തിന്റെ പ്രിയ യുവതാരം നിവിൻ പോളി സിനിമയുടെ തിരഞ്ഞെടുപ്പുകളുടെ കാര്യത്തിൽ വ്യത്യസ്തത പുലർത്തുന്നയാളാണ്. കഴിഞ്ഞവർഷം റിലീസ് ചെയ്ത മഹാവീര്യർ അത്തരം സിനിമകളിൽ ഒന്നാണ്. എഴുത്തുകാരൻ എം മുകുന്ദന്റെ കഥയെ ആസ്പദമാക്കി എബ്രിഡ് ഷൈൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമായിരുന്നു മഹാവീര്യർ. പ്രമേയം കൊണ്ടും അവതരണം കൊണ്ടും ഏറെ വൈവിധ്യം പുലര്‍ത്തിയ ചിത്രം ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്.
സണ്‍ നെക്സ്റ്റിലൂടെയാണ് ചിത്രം ഒ ടി ടി പ്രേക്ഷകരിലേക്ക് എത്തിയത്. ഫെബ്രുവരി 10 ന് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു. സ്വാമി അപൂര്‍ണാനന്ദന്‍ എന്ന നിഗൂഢതകളുള്ള ഒരു കഥാപാത്രത്തെയാണ് നിവിന്‍ പോളി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പോളി ജൂനിയർ പിക്ചർസ്, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി എസ് ഷംനാസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒടിടി റിലീസിന് പിന്നാലെ ചിത്രം സോഷ്യൽമീഡിയയിൽ വീണ്ടും പ്രകീർത്തിക്കപ്പെടുകയാണ്. 2022ലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നെന്നാണ് പ്രേക്ഷകർ ഈ ചിത്രത്തെ വാഴ്ത്തുന്നത്.
ലാൽ, ലാലു അലക്സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവർ മറ്റു വേഷങ്ങളിലെത്തുന്നു. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം നർമ്മ, വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിട്ടുള്ള ഒന്നാണ്. ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. എഡിറ്റിംഗ് മനോജ്, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം അനീസ് നാടോടി, ചമയം ലിബിൻ മോഹനൻ, മുഖ്യ സഹ സംവിധാനം ബേബി പണിക്കർ.