മലമ്പുഴയ്ക്ക് സമീപമുള്ള മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെ സൈന്യം കഴിഞ്ഞദിവസം രാവിലെ ആയിരുന്നു രക്ഷപ്പെടുത്തിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇന്ത്യൻ ആർമിയുടെ ഇടപെടലോടെ ആയിരുന്നു രക്ഷയ്ക്ക് വഴി ഒരുങ്ങിയത്. റോപ് കെട്ടിയാണ് സൈനികർ ബാബുവിനെ മലമുകളിലേക്ക് എത്തിച്ചത്. ബാബു സുരക്ഷിതനായി തിരിച്ചെത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയ സംവിധായകൻ മേജർ രവി പിണറായി സർക്കാരിനെ വിമർശിക്കുകയും ചെയ്തു. ലൈവിൽ എത്തി ആയിരുന്നു മേജർ രവി പിണറായി സർക്കാരിന് എതിരെ രംഗത്ത് എത്തിയത്.
ദുരന്തനിവാരണ വകുപ്പിൽ തലയിൽ ആൾത്താമസമുള്ളവരെ വേണം നിയമിക്കാൻ എന്ന് ഫേസ്ബുക്ക് ലൈവിൽ എത്തിയ മേജർ രവി പറഞ്ഞു. സൈന്യത്തെ നേരത്തെ വിളിച്ചിരുന്നുവെങ്കിൽ ചൊവ്വാഴ്ച വൈകിട്ടോടെ തന്നെ ബാബുവിനെ രക്ഷിക്കാമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ബാബുവിനെ രക്ഷിച്ചതിൽ സന്തോഷവാനാണെന്നും എല്ലാവരെയും പോലെ ഇന്ത്യൻ ആർമിക്ക് നന്ദി പറയുകയാണെന്നും മേജർ രവി പറഞ്ഞു. പത്താം ക്ലാസ് പോലും പാസാകാത്തവരെ പാർട്ടി അനുകൂലി ആയതുകൊണ്ട് പലയിടത്തും പോസ്റ്റ് ചെയ്തതായി വാർത്തകൾ വായിക്കുന്നുണ്ട്. അവിടെ എന്ത് വേണമെങ്കിലും ചെയ്തോളുവെന്നും ദുരന്തനിവാരണ വകുപ്പിൽ എന്ത് ചെയ്യണം എന്ന് അറിയാവുന്ന തലയ്ക്കകത്ത് ആൾത്താമസമുള്ളവരെയാണ് നിയമിക്കേണ്ടതെന്നും മേജർ രവി പറഞ്ഞു. ആർമിക്കാർ ചൊവ്വാഴ്ച തന്നെ വന്നിരുന്നുവെങ്കിൽ അന്ന് വൈകുന്നേരം തന്നെ രക്ഷപ്പെടുത്താമായിരുന്നു എന്നും മേജർ രവി പറഞ്ഞു.
സർക്കാരിനെ പറഞ്ഞു എന്ന് പറഞ്ഞ് കമ്മ്യൂണിസ്റ്റുകാർ തന്നെ തെറിവിളിക്കാൻ വരും. മലയുടെ മുകളിൽ പോയി കുടുങ്ങുന്നത് നാളെ നിങ്ങളായിരിക്കും. ഇവിടെ ഏത് പാർട്ടി എന്നുള്ളതല്ല. ഒരു ഉപദേശമാണ് മര്യാദയ്ക്ക് കൊടുക്കുന്നത്. സർക്കാരിനേ താൻ എല്ലായ്പ്പോഴും സഹായിച്ചിട്ടേ ഉള്ളൂവെന്നും പിണറായി സഖാവിനോട് അപേക്ഷിക്കുകയാണെന്നും സാങ്കേതിക പരിജ്ഞാനമുള്ള ആളുകളെ നിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.